Highlights (Page 11)

തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരുമായും ദേവസ്വം മന്ത്രിയുമായും ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്.ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ബാത്ത് റൂം, ടോയിലറ്റ്, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്‌ലറ്റുകൾ എന്നിവ തീർത്ഥാടകർ എത്തുന്ന ഇടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ഭൂമി ശാസ്ത്രപരമായ പരിമിതികളെ നേരിട്ട് കൊണ്ട് മാത്രമെ ദേവസ്വം ബോർഡിന് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയു. അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കുട്ടത്ത് ക്യൂ കോംപ്ലെക്‌സിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്റ്റം പൂർണ്ണമായും പ്രവർത്തിച്ചു വരുന്നു. പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് ഡയനാമിക് ക്യൂ സിസ്റ്റം അനുഗ്രഹമായി മാറുകയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസിന് ഭക്തജനതിരക്ക് നിയന്ത്രണ വിധേയമാകുന്നതിന് പുതിയ ക്യൂ സിസ്റ്റം ഏറെ സഹായകരമായിരിക്കുന്നുവെന്നത് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുക്കുവെള്ളം, ബിസ്‌ക്കറ്റ് ഇവയൊക്കെ എല്ലാ ക്യൂ കോംപ്ലെക്‌സുകളും ഭക്തർക്ക് യഥേഷ്ടം നൽകി വരുന്നു.നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്‌ക്കറ്റ് വിതരണവും ഭക്തർക്ക് ആശ്വാസം പകരുന്നുണ്ട്.പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർക്ക് നല്ല രീതിയിൽ അയ്യപ്പദർശനം സാധ്യമാകുന്നുണ്ട്. ഭക്തർക്കായി മൂന്നു നേരവും അന്നദാനവും നൽകി വരുന്നു.സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ട് എല്ലാ തരത്തിലും അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകികൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനന്തവാടി: വയനാട്ടിൽ കടുവ ആക്രമണം. വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. പ്രജീഷിന്റെ സഹോദരനാണ് മൃതദേഹം കണ്ടത്. കടുവ ആക്രമിച്ച് കൊണ്ടുപോയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് വിവരം. വനംവകുപ്പ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രദേശം വനാതിർത്തി മേഖലയാണ്. കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദാരുണ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനി ഡോ. എ ജെ ഷഹനയുടെ മരണത്തിൽ ആരോപണ വിധേയനായ ഡോ. ഇ എ റുവൈസിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റുവൈസിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രരണാക്കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.

അതേസമയം, റുവൈസിനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വനിതാ ശിശുവികസന ഡയറക്ടർക്ക് സർക്കാർ നൽകിയ നിർദ്ദേശം. തിങ്കളാഴ്ച രാത്രിയാണ് ഷഹന ആത്മഹത്യ ചെയ്തത്.

കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജിലേക്ക് വൈദ്യുതിയെത്തിക്കാൻ 1.2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്.നിർമാണം പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും വൈദ്യുതിയില്ലാത്തതിനാൽ വില്ലേജ് ഓഫീസ് തുറക്കാത്തത് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ നടപടിയെടുക്കാൻ വാർത്തയ്ക്ക് പിന്നാലെ റവന്യൂ മന്ത്രി നിർദേശം നൽകി.

ഇരിട്ടി താലൂക്കിലെ മറ്റ് സ്മാർട്ട് വില്ലേജുകളും ഉദ്ഘാടനം ചെയ്തെങ്കിലും കൊട്ടിയൂരിലെ ഓഫീസ് വെളളവും കറന്‍റുമില്ലാത്തതിനാൽ തുറക്കാനാവാതെ കാടുപിടിച്ച സ്ഥിതിയിലായിരുന്നു. വിനയായത് നിർമാണ കരാറിലെ പിഴവാണ് . ഒരു മാസത്തിനുളളിൽ പണം അനുവദിച്ചതോടെ കെട്ടിടം തുറക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അറിയിച്ചു.

ഹൈദരാബാദ്: തെലങ്കാനയിൽ അടുത്ത മുഖ്യമന്ത്രിയായി പിസിസി അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെ തീരുമാനിച്ചു. കോൺഗ്രസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഐസിസി തീരുമാനം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി അധികാരമേൽക്കും. 119 അംഗ നിയമസഭയിൽ 64 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.

തെലങ്കാനയിൽ കോൺഗ്രസിന് അനുകൂലമായ ജനവിധിയുണ്ടായതിൽ രേവന്ദ് റെഡ്ഡിയുടെ പങ്ക് വളരെ വലുതാണ്. ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖമായി മാറിയ നേതാവാണ് അദ്ദേഹം. പ്രതിദിനം കുറഞ്ഞത് നാല് തെരഞ്ഞെടുപ്പ് റാലികളെ എങ്കിലും അദ്ദേഹം തെലങ്കാനയിൽ അഭിസംബോധന ചെയ്തിരുന്നു. സംഘപരിവാർ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച രേവന്ത് റെഡ്ഡി പിന്നീട് ആന്ധ്രയിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം നീങ്ങി. 2004 മുതൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ഒപ്പം അദ്ദേഹം ചേർന്നു. രണ്ടു തവണ കൊടങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി.

തെലങ്കാനയിൽ ടി ഡി പിയുടെ ശക്തി ക്ഷയിച്ചു തുടങ്ങിയതോടെ 2017 ൽ രേവന്ദ് റെഡ്ഡി കോൺഗ്രസിലേക്ക് ചുവടു മാറി. 2018 ൽ സ്വന്തം മണ്ഡലമായ കൊടങ്ങലിൽ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ, 2019ൽ മൽകാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പാർലമെന്റിലുമെത്തി. ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡി എത്തുന്നത്. പിന്നീട് തെലങ്കാന സർക്കാരിനെതിരെ പല വിഷയങ്ങളിലും അദ്ദേഹം ആഞ്ഞടിച്ചു.

ന്യൂഡൽഹി: സൈക്ലോൺ മുന്നറിയിപ്പിനെ തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ മലയാളി സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും സഹായ ഹസ്തവുമായി ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കൊൽക്കത്തയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് അദ്ദേഹം തുണയായത്.

ശ്രീശങ്കര സർവകലാശാലയുടെ കാലടി, തിരൂർ കേന്ദ്രങ്ങളിലെ 58 സോഷ്യൽവർക്ക് വിദ്യാർഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിൻ റദ്ദാക്കിയതോടെ കൊൽക്കത്തയിൽ കുടുങ്ങിയത്. തുടർന്ന് ഇവർ കേരള രാജ്ഭവനിൽ ബന്ധപ്പെടുകയായിരുന്നു.

പിന്നീട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. ആനന്ദബോസ് നേരിട്ട് ഇടപെട്ട് ട്രെയിനിൽ പ്രത്യേക ബോഗി സജ്ജീകരിക്കാൻ നിർദേശിച്ചു. തുടർന്നാണ് തിങ്കളാഴ്ച്ച വൈകിട്ട് സംഘത്തിന്റെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്. തിങ്കളാഴ്ച കൂടിക്കാഴ്ചയ്ക്കായി സംഘത്തെ ഗവർണർ കൊൽക്കത്ത രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു.

അനസ് എം.കെ, രേഷ്മ ഭരദ്വാജ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് സോഷ്യൽവർക്ക് വിദ്യാർഥികൾ പഠന യാത്ര നടത്തിയത്. മേഘാലയ, ആസാം, ബംഗാൾ സംസ്ഥാനങ്ങളിലായിരുന്നു രണ്ടു ബാച്ചുകളിലായിട്ടായിരുന്നു പഠനയാത്ര.

കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയില്‍. സര്‍വകലാശാല രജിസ്ട്രാര്‍ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പളിന്റെ കത്ത് അവഗണിച്ചു. ഹര്‍ജിയില്‍ ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ആരോപിക്കുന്നു. ഹൈക്കോടതിയെ സമീപിച്ചത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ്. ഹര്‍ജിയിലെ ആവശ്യം കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ്. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.

ന്യൂഡൽഹി: ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലാണ് അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. ഐതിഹാസികവും അപൂർവവുമായ വിജയമാണിതെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തന്റെ ഉത്തരവാദിത്തം കൂടി. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു. ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നു. തന്റെ മുന്നിൽ നാലു ജാതികളാണുള്ളത് – സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ താൻ എപ്പോഴും പ്രവചനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ ഞാൻ ഈ നിയമം ലംഘിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചുവരില്ലെന്ന് പ്രവചിച്ചു. രാജസ്ഥാനിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. മധ്യപ്രദേശിൽ ബിജെപിക്ക് ബദലില്ല. 2 പതിറ്റാണ്ടായി ബിജെപി അവിടെ അധികാരത്തിലാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ബിജെപിയിൽ ജനങ്ങളുടെ വിശ്വാസം തുടർച്ചയായി വർധിച്ചുവരികയാണ്. ഇന്നത്തെ ഹാട്രിക് 2024ലെ ഹാട്രിക് ഉറപ്പുനൽകിയെന്നാണ് ചിലർ പറയുന്നത്. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം മുന്നോട്ട് പോകുമെന്നും ഓരോ കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെടുമെന്നും ഇന്ത്യയിലെ വോട്ടർമാർക്ക് അറിയാം. അതിനാൽ, വോട്ടർമാർ ബിജെപിയെ തുടർച്ചയായി തിരഞ്ഞെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഈ ലക്ഷ്യം 2025ൽ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകൾ കേരളത്തിലേയ്ക്ക് കുടിയേറുമ്പോഴും സുരക്ഷാ മാർഗങ്ങൾ പാലിക്കാത്തതും എച്ച്.ഐ.വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.

എല്ലാ വർഷവും ഡിസംബർ ഒന്നിനാണ് ലോക എയ്ഡ്സ് ദിനമായി ആചരിക്കപ്പെടുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’ (Let Communities Lead) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എച്ച്.ഐ.വി ബാധിതർക്കും, രോഗബാധ സാദ്ധ്യത കൂടുതലുളളവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സമൂഹത്തിന് സൂപ്രധാന പങ്കാണ് നിർവഹിക്കാനുളളത്. ഈ വർഷത്തെ എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം പാലക്കാട് ജില്ലയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തികൊണ്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, കുട്ടികൾക്ക് സ്‌നേഹപൂർവം സ്‌കോളർഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ, എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകൾക്ക് സൗജന്യ പാപ്സ്മിയർ പരിശോധന, ഭൂമിയുള്ളവർക്ക് ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികളാണ് എച്ച്.ഐ.വി അണുബാധിതർക്കായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ.

ദുബായ്: 2028ലെ യുഎൻ കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായിൽ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോദി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തത്. കാലാവസ്ഥാ വ്യതിയാന പ്രക്രിയയ്ക്കുള്ള യുഎൻ ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ്, ഈ ഘട്ടം മുതൽ, 2028 ൽ ഇന്ത്യയിൽ COP33 ഉച്ചകോടി സംഘടിപ്പിക്കാമെന്ന് താൻ നിർദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

COP28 എന്നറിയപ്പെടുന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) കോൺഫറൻസ് ഓഫ് ദി പാർട്ടിയിലേക്കുള്ള 28-ാമത് സമ്മേളനമാണ് നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇയിൽ നടക്കുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ, സർക്കാർ മന്ത്രിമാർ, ശാസ്ത്രജ്ഞർ, കാലാവസ്ഥാ പ്രവർത്തകർ, തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.