മാനന്തവാടി: വയനാട്ടിൽ കടുവ ആക്രമണം. വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. പ്രജീഷിന്റെ സഹോദരനാണ് മൃതദേഹം കണ്ടത്. കടുവ ആക്രമിച്ച് കൊണ്ടുപോയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് വിവരം. വനംവകുപ്പ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രദേശം വനാതിർത്തി മേഖലയാണ്. കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദാരുണ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

