ദുബായ്: 2028ലെ യുഎൻ കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായിൽ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോദി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തത്. കാലാവസ്ഥാ വ്യതിയാന പ്രക്രിയയ്ക്കുള്ള യുഎൻ ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ്, ഈ ഘട്ടം മുതൽ, 2028 ൽ ഇന്ത്യയിൽ COP33 ഉച്ചകോടി സംഘടിപ്പിക്കാമെന്ന് താൻ നിർദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
COP28 എന്നറിയപ്പെടുന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) കോൺഫറൻസ് ഓഫ് ദി പാർട്ടിയിലേക്കുള്ള 28-ാമത് സമ്മേളനമാണ് നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇയിൽ നടക്കുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ, സർക്കാർ മന്ത്രിമാർ, ശാസ്ത്രജ്ഞർ, കാലാവസ്ഥാ പ്രവർത്തകർ, തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

