വാരണാസി: സർക്കാർ പദ്ധതികളുടെ ഗുണത്തെക്കുറിച്ചും സ്ത്രീശാക്തീകരികണത്തെക്കുറിച്ചും യുവതി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ സേവാപുരി ഡെവലപ്മെന്റ് ബ്ലോക്കിൽ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രി യുവതിയുടെ പ്രസംഗത്തെ പ്രശംസിച്ച് സംസാരിച്ചത്. ബർകി ഗ്രാമത്തിൽ നിന്നുള്ള ചന്ദാ ദേവിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ഗ്രാമത്തിലെ ‘രാധാ മഹിളാ സഹായത’ സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഗുണഭോക്താവാണ് ചന്ദാ ദേവി. പദ്ധതിയെക്കുറിച്ചും അത് സ്ത്രീശാക്തീകരണത്തെ എങ്ങനെ സഹായിക്കുന്നുവെന്നതിനെ കുറിച്ചുമാണ് പ്രസംഗത്തിൽ ചന്ദാ ദേവി വിശദമാക്കിയത്. എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നും പ്രസംഗം കേട്ട പ്രധാനമന്ത്രി ചോദിച്ചു.
പദ്ധതിയിലൂടെ 15,000 രൂപയുടെ പ്രാരംഭ വായ്പയാണ് ചന്ദാ ദേവി എടുത്ത്. ഇത് വെച്ച് ഇവർ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിച്ചു. ഇത് എങ്ങനെയാണ് തനിക്ക് സാധ്യമായതെന്നും സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞരുന്ന കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടത് എങ്ങനെയെന്നും യുവതി പ്രസംഗത്തിൽ പറഞ്ഞിരുന്നു. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും തന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മാറ്റുന്നതിനും സംരംഭം എങ്ങനെ സഹായകരമായെന്നും യുവതി വിശദീകരിച്ചു.

