പാർലമെന്റ് അതിക്രമം; 2 പദ്ധതികളാണ് പ്രതികൾ തയ്യാറാക്കിയതെന്ന് പോലീസ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികളാണ് പ്രതികൾ തയ്യാറാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്വയം തീകൊളുത്താനായിരുന്നു ആദ്യം ഇവർ പദ്ധതിയിട്ടിരുന്നത്. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാലാണ് പ്രതികൾ ഈ പദ്ധതി ഉപേക്ഷിച്ചത്.

തുടർന്ന് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കുകയായിരുന്നു. പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്.

പാർലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനാണെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമം നടന്നു. കേസിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു.