ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഭജൻ ലാൽ ശർമയെയാണ് ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആദ്യ തവണയാണ് അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവായ ഭജൻലാൽ ശർമ സംഘടനാ രംഗത്ത് പ്രമുഖനാണ്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും ആർഎസ്എസ് നേതൃത്വുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സംഗനേറിൽ കോൺഗ്രസ് സ്ഥാനാർഥിയെ 48081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻ ലാൽ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ദിയാകുമാരി, പ്രേംചന്ദ് ഭൈരവ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തു. ജയ്പുർ നഗരത്തിൽത്തന്നെയുള്ള വിധാധർ മണ്ഡത്തിൽ നിന്നാണ് ദിയാകുമാരി തിരഞ്ഞെടുക്കപ്പെട്ടത്.

