Health (Page 66)

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, അടഞ്ഞു കിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ആക്രി കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയുടെ അകത്തും പുറത്തും, ടെറസ്സിലുമുള്ള കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ദിനാചരണം നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) അറിയിച്ചു.

അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുകയും കൊതുക് പെരുകുന്നതിന് ഇടയാക്കുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പു വരുത്തണം. വീടിന്റെ സൺഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകൾ, മരപ്പൊത്തുകൾ, മുളങ്കുറ്റികൾ, അങ്കോലച്ചെടി, പൈനാപ്പിൾച്ചെടി എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

വീടിനുള്ളിൽ വെള്ളം നിറച്ച കുപ്പികളിൽ വളർത്തുന്ന അലങ്കാരച്ചെടികൾ ഒഴിവാക്കുക. വിറകും മറ്റും മൂടിയിടുന്ന പ്ലാസ്റ്റിക് ഷീറ്റുകളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവെയ്ക്കണം. കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം മറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണം. രാവിലെയും വൈകുന്നേരവും കൊതുക് കടക്കാതിരിക്കാനായി വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. തുണികൾ, കർട്ടനുകൾ, എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കണം. പനിയുണ്ടായാൽ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.

നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഇരുമ്പ്, കാൽസ്യം, ഫൈബർ മുതലായവ ധാരാളം ഘടകങ്ങൾ ഉണക്കമുന്തിരിയിലുണ്ട്. ശരീരത്തെ ശക്തമാക്കാനും ശരീരത്തിന് വേണ്ടത്ര ഊർജ്ജം നിലനിർത്താനും ഉണക്കമുന്തിരി സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്.

വിളർച്ച അകറ്റാനും ഇരുമ്പിന്റെ ആഗിരണം ഉയർത്താനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഉണക്കമുന്തിരിയിലുള്ള നാരുകൾ ദഹന വ്യവസ്ഥ മെച്ചപ്പെടുത്തും. ആന്റിഓക്‌സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്‌സ് ഉണക്കമുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കാഴ്ചശക്തിയെ ദുർബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച് നേത്രങ്ങൾ സംരക്ഷിക്കാൻ ഉണക്കമുന്തിരി സഹായിക്കും. ഉണക്കമുന്തിരിയിൽ കാൽസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ശക്തമാക്കാനും ശരീരത്തിന് വേണ്ടത്ര ഊര്‍ജ്ജം നിലനിർത്താനും സഹായിക്കും.

വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. വേനൽക്കാലത്ത് പലർക്കും നിർജ്ജലീകരണം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും ജ്യൂസുമെല്ലാം ഈ സമയത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചൂടുകാലത്ത് കുടിക്കേണ്ട ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇളനീർ

ക്ഷീണമകറ്റാനും ഉന്മേഷം വർദ്ധിപ്പിക്കാനും ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് കരിക്കിൻ വെള്ളം. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിൻ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നിർജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കാനും കരിക്കിൻ വെള്ളം സഹായിക്കും.

ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും ദിവസവും ഇളനീർ കുടിക്കുന്നത് ഉത്തമമാണ്. കരിക്കിൻ വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ധാരാളം ആന്റിഓക്സിഡന്റുകൾ കരിക്കിൻ വെള്ളത്തിലുണ്ട്്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുക്കളെ നശിപ്പിക്കാനും കരിക്കിൻ വെള്ളത്തിന് കഴിവുണ്ട്. കിഡ്നി സ്റ്റോൺ അലിയിച്ചു കളയാനും വൃക്കകൾക്ക് ഉണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും ഇളനീർ കുടിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളും കരിക്കിൻ വെള്ളത്തിലുണ്ട്.

തണ്ണിമത്തൻ ജ്യൂസ്

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫലവർഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. ദാഹവും വിശപ്പും ക്ഷീണവുമകറ്റാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലവർഗം വേറെയില്ല. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകാൻ തണ്ണിമത്തൻ ജ്യൂസിന് കഴിവുണ്ട്.

വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ സി, ഫൈബർ, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും തണ്ണിമത്തൻ വളരെ ഉത്തമമാണ്. കൊഴുപ്പും കൊളസ്‌ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്.

നാരങ്ങാവെള്ളം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് നാരങ്ങാവെള്ളം. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ളേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. നിർജ്ജലീകരണം തടയാനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ നിർജ്ജലീകരണം നടക്കുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളത്തിന് കഴിവുണ്ട്.

കൊച്ചി: കിടപ്പ് രോഗികൾക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ അദ്ദേഹം സൗജന്യമായി നൽകി. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് അദ്ദേഹം നൽകിയത്.

മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കോൺസൻട്രേറ്ററുകളുടെ വിതരണം. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുക. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ടെന്ന് ചടങ്ങിൽ മമ്മൂട്ടി വ്യക്തമാക്കി. കൂടുതൽ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ & ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും അറിയിച്ചു.

തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, അഗ്‌നിരക്ഷാസേന ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും. കിൻഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകണമെന്നും പരിശോധന നടത്തണമെന്നും കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നു വരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങൾ 10 വർഷത്തിലധികമായി കെ.എം.എസ്.സി.എൽ. ഗോഡൗണുകളായി പ്രവർത്തിച്ചു വരുന്നവയാണ്.

തീ അണയ്ക്കുന്നതിനിടെ അഗ്‌നിരക്ഷാ സേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ജോലിക്കിടെയാണ് ജീവൻ നഷ്ടപ്പെട്ടത് എന്നത് ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയാണ് അദ്ദേഹം ഓർഡിനൻസിൽ ഒപ്പുവെച്ചത്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം ഏഴ് വർഷം പരമാവധി ശിക്ഷ കിട്ടുന്ന കുറ്റമാണെന്ന് ഓർഡിനൻസിൽ പറയുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, അസഭ്യം പറയൽ, അധിക്ഷേപം എന്നിവയ്ക്കടക്കം കർശന ശിക്ഷ ലഭിക്കും.

ഗവർണർ ഒപ്പുവെച്ചതോടെ ഓർഡിനൻസ് നിലവിൽ വന്നു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണത്തിന് ആറ് മാസം തടവാണ് കുറഞ്ഞ ശിക്ഷ. അതേസമയം, നാശനഷ്ടങ്ങൾക്ക് ഉപകരണങ്ങളുടെ വിപണി വിലയുടെ ആറിരട്ടി നഷ്ടപരിഹാരം ഈടാക്കും.

ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഉൾപ്പടെ ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന എല്ലാവിദ്യാർത്ഥികളെയും ഇത്തരം പഠന കേന്ദ്രങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിവഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ നൽകാനായത്. സംസ്ഥാന ഹെൽത്ത് ഏജൻസി വഴി നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ആകെ നൽകിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തിൽ നിന്നാണ്. കേരളത്തിൽ മണിക്കൂറിൽ 180 ഓളം രോഗികൾക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തരം നൽകി വരുന്നു. മിനിറ്റിൽ 3 രോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ഈ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കുന്നതാണ്. 2019-20ൽ പദ്ധതിയിൽ എം പാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം 404 ആയിരുന്നെങ്കിൽ ഇപ്പോളത് 761 ആയി വർധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായി 2021-22-ൽ 5,76,955 ഗുണഭോക്താക്കൾക്കും, ഈ സാമ്പത്തിക വർഷം 6,45,286 ഗുണഭോക്താക്കൾക്കും സൗജന്യ ചികിത്സാ സഹായം നൽകാനായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തിൽ നൽകാനായി. കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) 1400 കോടിയുടേയും ഈ സാമ്പത്തിക വർഷം (2022-23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി പ്രതിവർഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സർക്കാരാണ് നിർവഹികുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 21.5 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് 60:40 അനുപാതത്തിൽ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതിൽ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയിൽ കണക്കാക്കി അതിന്റെ 60% ആയ 631.2 രൂപ നിരക്കിൽ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സാ ചെലവിന്റെ 90% ത്തോളം സംസ്ഥാന സർക്കാരാണ് നിർഹിക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കിൽ എപിഎൽ, ബിപിഎൽ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പൈടുത്തിയും സൗജന്യ ചികിത്സ നൽകി വരുന്നു.

സോറിയാസിസ് എന്ന രോഗത്തെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറുമൂലമാണ് സോറിയാസിസ് ഉണ്ടാകുന്നത്. ഇത് ചർമ്മകോശങ്ങളെ സാധാരണയേക്കാൾ വേഗത്തിൽ പെരുകാൻ പ്രേരിപ്പിക്കുന്നു. ഇത് കാരണം ചർമ്മത്തിന്റെ കട്ടിയുള്ളതും ചെതുമ്പലും നിറഞ്ഞ പാടുകൾ വർദ്ധിക്കുന്നു. സമ്മർദ്ദം, അണുബാധകൾ, ചില മരുന്നുകൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ ഈ പ്രശ്‌നം ഗുരുതരമാകാനിടയുണ്ട്. എന്നാൽ, സോറിയാസിസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. ചൂടും വിയർപ്പും സോറിയാസിസിന്റെ അസ്വസ്ഥതകളെ കൂടുതൽ രൂക്ഷമാക്കും. സോറിയാസിസ് രോഗികൾ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ സോറിയാസിസ് ജ്വലനം ഉണ്ടാകാം. അതിനാൽ സോറിയാസിസ് രോഗികൾ സാധ്യമാകുമ്പോഴെല്ലാം നീളൻ കൈയുള്ള ഷർട്ടുകൾ, തൊപ്പികൾ, സൺഗ്ലാസുകൾ എന്നിവ പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കണം. കുറഞ്ഞത് 30 എസ്പിഎഫ് ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുന്നതും നല്ലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. നിർജ്ജലീകരണം സോറിയാസിസ് ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. വരൾച്ച, അടരൽ, ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. അതിനാൽ നിർജ്ജലീകരണം തടയാൻ പ്രതിദിനം കുറഞ്ഞത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

ചർമ്മം മൃദുവായി നിലനിർത്താൻ മോയ്‌സ്ചറൈസറുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. മദ്യം, പുകവലി എന്നിവയുടെ ഉപയോഗവും ഒഴിവാക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇലക്കറികൾ, പഴങ്ങൾ എന്നിവ പതിവായി കഴിക്കണം.

തിരുവനന്തപുരം: മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നൽകുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടൻ സ്ഥാപിക്കണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകളെടുക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളജുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തിൽ രണ്ട് പേർ മാത്രം. സാഹചര്യമനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാം. ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പർ എല്ലാവർക്കും നൽകുകയും പ്രദർശിപ്പിക്കുകയും വേണം. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളിൽ ആക്രമം ഉണ്ടായാൽ തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തരമായി പ്രവർത്തിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിക്ക് അകത്തും പുറത്തും പോകാനുമായി ഏകവാതിൽ സംവിധാനം വേണം. സുരക്ഷ ഉറപ്പാക്കാൻ വാക്കി ട്വാക്കി സംവിധാനം ഏർപ്പെടുത്തും. ഇടനാഴികകളിൽ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കണം. സെക്യൂരിറ്റി ജീവനക്കാർ പട്രോളിംഗ് നടത്തണം. മോക് ഡ്രിൽ നടത്തി സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പലരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുഖത്തെ കറുത്ത പാടുകൾ. ചർമ്മത്തിൽ ഇത്തരത്തിൽ കറുത്ത പാടുകൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. മുഖത്തെ കറുത്തപാടുകൾ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ്പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം…

  • അര കപ്പ് പപ്പായയും അര ടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കിയ ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയണം ആഴ്ചയിൽ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് മുഖത്തെ കറുത്ത പാടുകളെ അകറ്റി മുഖത്തിന് തിളക്കം നല്ഡകും.
  • ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടണം. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയണം. മുഖകാന്തി വർദ്ധിപ്പിക്കാനുള്ള നല്ലൊരു മാർഗമാണിത്.
  • നല്ല പഴുത്ത ഒരു മാമ്പഴത്തിന്റെ പൾപ്പ് ഒരു ടീസ്പൂൺ, രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മിക്‌സ് ചെയ്ത് ഈ മിശ്രിതം മുഖത്ത് പുരട്ടണം. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റി ചർമ്മത്തിന് തിളക്കമേകും.