തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയാണ് അദ്ദേഹം ഓർഡിനൻസിൽ ഒപ്പുവെച്ചത്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം ഏഴ് വർഷം പരമാവധി ശിക്ഷ കിട്ടുന്ന കുറ്റമാണെന്ന് ഓർഡിനൻസിൽ പറയുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, അസഭ്യം പറയൽ, അധിക്ഷേപം എന്നിവയ്ക്കടക്കം കർശന ശിക്ഷ ലഭിക്കും.
ഗവർണർ ഒപ്പുവെച്ചതോടെ ഓർഡിനൻസ് നിലവിൽ വന്നു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണത്തിന് ആറ് മാസം തടവാണ് കുറഞ്ഞ ശിക്ഷ. അതേസമയം, നാശനഷ്ടങ്ങൾക്ക് ഉപകരണങ്ങളുടെ വിപണി വിലയുടെ ആറിരട്ടി നഷ്ടപരിഹാരം ഈടാക്കും.
ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഉൾപ്പടെ ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന എല്ലാവിദ്യാർത്ഥികളെയും ഇത്തരം പഠന കേന്ദ്രങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

