കൊച്ചി: കിടപ്പ് രോഗികൾക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ അദ്ദേഹം സൗജന്യമായി നൽകി. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് അദ്ദേഹം നൽകിയത്.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കോൺസൻട്രേറ്ററുകളുടെ വിതരണം. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുക. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ടെന്ന് ചടങ്ങിൽ മമ്മൂട്ടി വ്യക്തമാക്കി. കൂടുതൽ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ & ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും അറിയിച്ചു.

