വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. വേനൽക്കാലത്ത് പലർക്കും നിർജ്ജലീകരണം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും ജ്യൂസുമെല്ലാം ഈ സമയത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചൂടുകാലത്ത് കുടിക്കേണ്ട ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇളനീർ
ക്ഷീണമകറ്റാനും ഉന്മേഷം വർദ്ധിപ്പിക്കാനും ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് കരിക്കിൻ വെള്ളം. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിൻ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നിർജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കാനും കരിക്കിൻ വെള്ളം സഹായിക്കും.
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും ദിവസവും ഇളനീർ കുടിക്കുന്നത് ഉത്തമമാണ്. കരിക്കിൻ വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ധാരാളം ആന്റിഓക്സിഡന്റുകൾ കരിക്കിൻ വെള്ളത്തിലുണ്ട്്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുക്കളെ നശിപ്പിക്കാനും കരിക്കിൻ വെള്ളത്തിന് കഴിവുണ്ട്. കിഡ്നി സ്റ്റോൺ അലിയിച്ചു കളയാനും വൃക്കകൾക്ക് ഉണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും ഇളനീർ കുടിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളും കരിക്കിൻ വെള്ളത്തിലുണ്ട്.
തണ്ണിമത്തൻ ജ്യൂസ്
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫലവർഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. ദാഹവും വിശപ്പും ക്ഷീണവുമകറ്റാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലവർഗം വേറെയില്ല. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകാൻ തണ്ണിമത്തൻ ജ്യൂസിന് കഴിവുണ്ട്.
വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ സി, ഫൈബർ, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും തണ്ണിമത്തൻ വളരെ ഉത്തമമാണ്. കൊഴുപ്പും കൊളസ്‌ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്.
നാരങ്ങാവെള്ളം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് നാരങ്ങാവെള്ളം. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ളേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. നിർജ്ജലീകരണം തടയാനും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ നിർജ്ജലീകരണം നടക്കുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളത്തിന് കഴിവുണ്ട്.

