Health (Page 57)

പാർക്കിൻസൺസ് രോഗത്തെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. എന്നാൽ ഈ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പലർക്കും കാര്യമായി അറിയില്ല. തലച്ചോറിലെ സിരാകേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാർക്കിൻസൺസ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ‘ഡോപാമിൻ’ എന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്.

ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. പാർക്കിൻസൺസ് രോഗം ബാധിക്കുന്നവരിൽ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം വിറയൽ ആണ്. വിരലുകൾ, താടി, ചുണ്ട്, കാൽ തുടങ്ങിയവ വിറയ്ക്കാൻ തുടങ്ങും. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. പിന്നീട് ശരീരത്തിന്റെ ചലനശേഷി കുറയാൻ തുടങ്ങും.

പേശികളിൽ വേദന, തോൾ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലക്ഷണങ്ങളും പാർക്കിൻസൺ രോഗികൾ പ്രകടിപ്പിക്കും. നിൽക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക. കൈകൾ വീശാതെയുള്ള നടത്തം, പതിഞ്ഞ ശബ്ദം, ഇമവെട്ടാതിരിക്കുക, കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്.

എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തിൽ അകാരണമായി ഞെട്ടി എഴുന്നേൽക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഭക്ഷണങ്ങളുടേയും മറ്റ് ഗന്ധങ്ങളും തിരിച്ചറിയാൻ സാധിക്കാതെ വരുന്നതും ആഹാരം ഇറക്കുവാനുള്ള പ്രയാസവുമാണ് മറ്റൊരു ലക്ഷണം. പാർക്കിൻസൺസ് രോഗം തീവ്രമാകുമ്പോൾ മറവി പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.

ആലപ്പുഴ: ഡെങ്കി കേസുകളും മരണങ്ങളും സംസ്ഥാനമൊട്ടാകെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. അപായ സൂചനകൾ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാൻ സഹായിക്കും.

പനി ,കഠിനമായ ദേഹവേദന, തലവേദന കണ്ണിനു പുറകിൽ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ .രോഗബാധിതർ ചികിത്സയോടൊപ്പം പരിപൂർണ്ണ വിശ്രമം എടുക്കേണ്ടതാണ്. തുടർച്ചയായ ചർദ്ദി ,വയറുവേദന ,ശരീരത്തിൽ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കുക ,കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മർദ്ദം താഴുക എന്നിവ അപായ സൂചനകളാണ്.

കുഞ്ഞുങ്ങൾക്ക് രോഗബാധഉണ്ടായാൽ ശരീരോഷ്മാവ് കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി നൽകുക . തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നൽകുക. വിശ്രമിക്കുക . ജലാംശം ശരീരത്തിൽ കുറയുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

കുഞ്ഞുങ്ങളുടെ ഉയർന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുള്ള അസ്വസ്ഥത നാവ് , വായ,ചുണ്ട് എന്നിവ വരണ്ടു കാണുക , മയക്കം, ക്ഷീണത്തോടെ ഉറക്കം തൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക കഠിനമായ കാല് വേദന,ചർദിൽ വയറുവേദന,മോണ പോലെയുള്ള ശരീര ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാവുക, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടിയന്തരമായി ഡോക്ടറെ കാണേണ്ടതാണ്.പനി മാറിയാലും മൂന്നുനാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴ ചാറുകൾ, മറ്റു പാനീയങ്ങൾ, തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കണം .സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ വാങ്ങി കഴിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല. ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്സിഡന്റുകൾ സഹായിക്കും.

പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറഞ്ഞ പാചക എണ്ണയാണ് ഒലിവ് ഓയിൽ. ഇതിൽ ഉയർന്ന അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ അഥവാ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഒലിവെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പല രോഗങ്ങളിൽ ഒലിവ് ഓയിൽ ശരീരത്തിന് സംരക്ഷണം നൽകുകയും ചെയ്യും.

മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒലിവ് ഓയിൽ നല്ലതാണ്. കൊളസ്ട്രോളിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കും. പ്രമേഹം, ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ കഴിയും. ഒലീവ് ഓയിൽ കഴിക്കുന്നവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചർമ്മ സംരക്ഷണത്തിനും ഒലീവ് ഓയിൽ ഗുണം ചെയ്യും. വൈറ്റമിൻ ഇ, ആൻറി ഓക്‌സിഡൻറുകൾ, സ്‌ക്വാലീൻ, ഒലിയോകാന്തൽ തുടങ്ങിയ സംയുക്തങ്ങൾ ഇതിൽ ധാരളമായുണ്ട്.

രുചിയ്ക്കും മണത്തിനും പുറമെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധ വ്യജ്ഞനമാണ് ജാതിയ്ക്ക. പല പോഷക ഘടകങ്ങളും ജാതിയ്ക്കായിലുണ്ട്. ഫൈബർ, മഗ്നീഷ്യം, സിങ്ക്, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ് , വിറ്റാമിൻ ബി എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ജാതിയ്ക്ക ചായ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജാതിയ്ക്ക ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഫൈബർ ധാരാളം അടങ്ങിയ ജാതിയ്ക്ക ചായ ദഹനപ്രവർത്തനങ്ങളെ എളുപ്പത്തിലാക്കും. മലബന്ധം, വയറ് കെട്ടിവീർക്കുന്നത്, ഗ്യാസ്ട്രബിൾ എന്നീ പ്രശ്നങ്ങളെ ഇത് തടയുകയും ചെയ്യും. സ്‌ട്രെസ് കുറയ്ക്കാനും നല്ല രീതിയിൽ ഉറക്കം ലഭിക്കാനും ജാതിയ്ക്ക ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ജാതിക്കയിലടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ രക്തസമ്മർദ്ദമുള്ളവർക്ക് ജാതിയ്ക്ക് കുടിക്കുന്നത് ഗുണപ്രദമാണ്.

ക്ഷീണം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടാനും ജാതിയ്ക്ക ചായ പതിവാക്കുന്നത് നല്ലതാണ്. ഫൈബറും ആൻറി ഓക്‌സിഡൻറുകളും അടങ്ങിയ ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ചർമ്മ സംരക്ഷണത്തിന് നല്ല ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളുമെല്ലാം ചർമ്മ സംരക്ഷണത്തിന് ആവശ്യമാണ്. അതിനാൽ തന്നെ ധാരാളം പച്ചക്കറികൾ കഴിക്കണം. ചർമ്മത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട പച്ചക്കറികൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാരറ്റ്

ചർമത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത് ബീറ്റാ കരോട്ടിനുകളാണ്. ഇത് കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യത്തിനും ഇതിന് വളരെ ഉത്തമമാണ്.

വെള്ളരിക്ക

വെള്ളരിക്ക പതിവായി കഴിക്കുന്നത് ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കും. ഇത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുകയും ചെയ്യും. ചർമത്തിന് നിറം നൽകുന്ന മെലാനിന്റെ ഉൽപാദനം നിയന്ത്രിതമാക്കാനും അമിത ഉൽപ്പാദനത്തെ തടയാനും വെള്ളരിക്കയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ എ, സി, തുടങ്ങിയ മറ്റ് ആന്റിഓക്സിഡന്റുകളും നിറഞ്ഞ വെള്ളരിക്ക ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തും. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ബീറ്റ്‌റൂട്ട്

പ്രകൃതിദത്ത ആന്റിഓക്‌സിഡന്റാണ് ബീറ്റ്‌റൂട്ട്. ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണിത്. ചർമ്മത്തിലുണ്ടാകുന്ന വരൾച്ചയും അകാല വാർദ്ധക്യവും തടയാനും ബീറ്റ്‌റൂട്ട് സഹായിക്കും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിന്റെ സ്വാഭാവിക തിളക്കം മെച്ചപ്പെടുത്തും. മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉള്ളടക്കം ചർമ്മത്തിലെ കൊളാജൻ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെറുതും വലുതുമായ ചർമപ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യും.

ക്യാരറ്റിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, മറ്റ് ആൻറി ഓക്‌സിഡൻറുകൾ എന്നിവ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികൾക്ക് കഴിക്കാൻ ഉത്തമമായ പച്ചക്കറിയാണ് ക്യാരറ്റ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ ഇതിൽ ധാരാളമുണ്ട്.

ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ഇത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചർമ്മത്തിലെ ഈർപ്പം നിലനിർത്തും. ഇതിലെ വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപാദനം വർധിപ്പിക്കും.

ക്യാരറ്റിലുള്ള വിറ്റാമിനുകളും പോഷക ഘടകങ്ങളും അസ്ഥികളുടെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കാരറ്റിലെ ഉയർന്ന ഫൈബർ അംശം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ധമനികളുടെയും രക്തക്കുഴലുകളുടെയും ചുമരുകളിൽ നിന്ന് അധിക എൽഡിഎൽ കൊളസ്‌ട്രോൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പ്രായഭേദമന്യേ എല്ലാവരും കഴിക്കുന്ന ഭക്ഷണമാണിത്. വിറ്റാമിൻ ഡി, വിറ്റാമിൻ എ, കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്‌ലേവിൻ എന്നിവയാൽ സമ്പന്നമാണ് ഐസ്‌ക്രീം.

ഐസ്‌ക്രീമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ-എ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിന് ഐസ്‌ക്രീം സഹായിക്കുന്നു. ഐസ്‌ക്രീമിലുള്ള വൈറ്റമിൻ-ഡി ഭക്ഷണത്തിൽ നിന്ന് കാത്സ്യവും മറ്റ് ആരോഗ്യ പോഷകങ്ങളും ആഗിരണം ചെയ്യുകയും വൃക്കകളിൽ സൂക്ഷിക്കുകയും ചെയ്യും. ഇതിലെ വിറ്റാമിൻ കെ ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുകയും രക്തകോശങ്ങൾ തടയുകയും രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യും.

ഐസ്‌ക്രീമിൽ ധാരാളം കാത്സ്യവും അടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂത്താടികൾ പൂർണ വളർച്ചയെത്തി കൊതുകുകളാകുന്നതിന് ഏകേദശം 7 ദിവസം വരെ ആവശ്യമാണ്. അതിനാൽ വീട്ടിനകത്തും അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിവാക്കിയാൽ കൂത്താടികൾ കൊതുകുകളാകുന്നത് തടയാം. ചില ഫ്രിഡ്ജുകളുടെ പിൻഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം, ടയറുകൾക്കുള്ളിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികൾ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമായി തുടരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.

കുട്ടികൾക്ക് ജലദോഷവും പനിയും ബാധിച്ചാൽ സ്‌കൂളിലയയ്ക്കരുത്. ഇൻഫ്ളുവൻസയ്ക്ക് സാധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടണം. ക്ലാസിൽ കൂടുതൽ കുട്ടികൾ പനി ബാധിച്ച് എത്താതിരുന്നാൽ സ്‌കൂൾ അധികൃതർ അക്കാര്യം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. സ്‌കൂളിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. കുട്ടികൾ മാസ്‌ക് ഉപയോഗിക്കണം.

ഇടവിട്ടുള്ള മഴ കാരണം പല സ്ഥലങ്ങളിലും മഴ വെള്ളം കെട്ടി നിൽക്കും. അതിനാൽ എലിപ്പനി വരാതെ ശ്രദ്ധിക്കണം. എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ പ്രവർത്തനം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഥാപനതലത്തിലും ഫീൽഡ് തലത്തിലും കാര്യമായ ഏകോപനം നടത്തണം. തദ്ദേശ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ ഏകോപനം താഴെത്തലത്തിൽ തന്നെ ഉറപ്പാക്കണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

കുട്ടികളിൽ ഇൻഫ്‌ളുവൻസ വ്യാപിക്കുന്നുണ്ടോയെന്ന് ശ്രദ്ധയോടെ പരിശോധിക്കണം. കുട്ടികൾ മാസ്‌ക് ഉപയോഗിക്കണം. ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡേറ്റ കൃത്യമായി പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കണം.

പരമാവധി മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളിൽ മരുന്നു ലഭ്യത ഉറപ്പാക്കണം. കെ.എം.എസ്.സി.എൽ. വഴി മഴക്കാല രോഗങ്ങൾക്കുള്ള മരുന്നുകൾ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല അഭിനന്ദനാർഹമായ രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് കഴിഞ്ഞ 6 വർഷത്തെ മുഴുവൻ മരുന്നുകളും കൊടുത്തു തീർത്തിട്ടുണ്ട്. ഇൻഡന്റ് അനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടോയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണം. ആശുപത്രികളിലെ മരുന്നുകളുടെ ഉപയോഗം 30 ശതമാനം കുറയുന്ന മുറയ്ക്ക് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം. ഐസൊലേഷൻ വാർഡുകൾ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണം. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി ‘ഹോമിയോപ്പതി എവിഡൻസ് ബേസ്ഡ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ട്രെയിനിങ്’ (HEART) പദ്ധതി നടപ്പിലാക്കി വരുന്നു. ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ചുമായി കരാറിൽ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി. ആയുഷ് ഹോമിയോപ്പതി വകുപ്പ് 50 -ാം വാർഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുവർണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ ക്യാമ്പയിൻ ഫോർ വിമൻ, ഹോമിയോപ്പതി നാഷണൽ എക്‌സ്‌പോ, അന്താരാഷ്ട്ര സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കല്പത്തിൽ അധിഷ്ഠിതമായ ബോധവത്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്യാമ്പുകൾ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകൾക്ക് ചികിത്സയും, തുടർ ചികിത്സയും ഉറപ്പാക്കുകയും, ആരോഗ്യ നിർദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഷീ ക്യാമ്പയിൻ ഫോർ വിമൻ കൊണ്ട് ലക്ഷ്യമിടുന്നത്.

1958ൽ തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് കേരളത്തിലെ ആദ്യ സർക്കാർ ഹോമിയോപ്പതി ചികിത്സാ കേന്ദ്രത്തിന് ആരംഭം കുറിച്ചത്. 1973 ലാണ് ഹോമിയോപ്പതി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടത്. ഹോമിയോപ്പതി വകുപ്പിന്റെ രൂപീകരണ സമയത്ത് 4 ഹോമിയോ ആശുപത്രികളും 64 ഡിസ്‌പെൻസറികളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ഹോമിയോപ്പതി വകുപ്പ് 50ന്റെ നിറവിൽ നിൽകുമ്പോൾ 34 ഹോമിയോ ആശുപത്രികളും 669 ഡിസ്‌പെൻസറികളും 14 ജില്ലാ മെഡിക്കൽ ഓഫീസുകളും ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. 3198 തസ്തികകൾ ഈ വകുപ്പിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നാഷണൽ ആയുഷ് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ മുഖേനയും ഹോമിയോ ഡിസ്‌പെൻസറികളും, ഹോമിയോപ്പതി വകുപ്പിൽ അധിക മാനവശേഷിയും, നിരവധി പദ്ധതികളും നടത്തി വരുന്നു.

കോവിഡ് മഹാമാരിയുടെ കാലയളവിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സ്‌കൂൾ വിദ്യാർഥികൾക്ക് ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം ‘കരുതലോടെ മുന്നോട്ട്’ പദ്ധതി നടപ്പിലാക്കി.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി, നാച്യുറോപ്പതി, യോഗ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ‘ആയുഷ്മാൻ ഭവ’, സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ‘സീതാലയം’, വന്ധ്യതാ നിവാരണ പദ്ധതിയായ ‘ജനനി’, കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യപരിപാലനം, പെരുമാറ്റ വ്യക്തിത്വ വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ‘സദ്ഗമയ’, ലഹരി വിമുക്ത ചികിത്സാ പദ്ധതിയായ ‘പുനർജനി’, ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, കുട്ടനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ ഫ്‌ളോട്ടിങ് ഡിസ്‌പെൻസറി, ഇടുക്കി, വയനാട് ജില്ലകളിലെ ദുർഘട മേഖലകളിൽ അധിവസിക്കുന്നവർക്കായി മൊബൈൽ ഹോമിയോ ക്ലിനിക്കുകൾ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികൾ വകുപ്പ് നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങങ്ങിൽ സിസിആർഎച്ച് ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗഷിക്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഹോമിയോ മെഡിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. എ.എസ്. ഷീല, ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.പി. ബീന, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. പി.ആർ. സജി, ഡോ. ആർ. ജയനാരായണൻ എന്നിവർ പങ്കെടുത്തു.