ചർമ്മ സംരക്ഷണത്തിന് നല്ല ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളുമെല്ലാം ചർമ്മ സംരക്ഷണത്തിന് ആവശ്യമാണ്. അതിനാൽ തന്നെ ധാരാളം പച്ചക്കറികൾ കഴിക്കണം. ചർമ്മത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട പച്ചക്കറികൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്യാരറ്റ്
ചർമത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത് ബീറ്റാ കരോട്ടിനുകളാണ്. ഇത് കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യത്തിനും ഇതിന് വളരെ ഉത്തമമാണ്.
വെള്ളരിക്ക
വെള്ളരിക്ക പതിവായി കഴിക്കുന്നത് ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കും. ഇത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുകയും ചെയ്യും. ചർമത്തിന് നിറം നൽകുന്ന മെലാനിന്റെ ഉൽപാദനം നിയന്ത്രിതമാക്കാനും അമിത ഉൽപ്പാദനത്തെ തടയാനും വെള്ളരിക്കയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ എ, സി, തുടങ്ങിയ മറ്റ് ആന്റിഓക്സിഡന്റുകളും നിറഞ്ഞ വെള്ളരിക്ക ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തും. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ബീറ്റ്‌റൂട്ട്
പ്രകൃതിദത്ത ആന്റിഓക്‌സിഡന്റാണ് ബീറ്റ്‌റൂട്ട്. ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണിത്. ചർമ്മത്തിലുണ്ടാകുന്ന വരൾച്ചയും അകാല വാർദ്ധക്യവും തടയാനും ബീറ്റ്‌റൂട്ട് സഹായിക്കും.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിന്റെ സ്വാഭാവിക തിളക്കം മെച്ചപ്പെടുത്തും. മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉള്ളടക്കം ചർമ്മത്തിലെ കൊളാജൻ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെറുതും വലുതുമായ ചർമപ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യും.

