ന്യൂഡല്‍ഹി: കുട്ടികളില്‍ കോവാക്‌സിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടക്കുക.സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് (സിഡിഎസ്സിഒ) അനുമതി നല്‍കിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. എയിംസ് ഡല്‍ഹി, എയിംസ് പാട്‌ന, നാഗ്പുര്‍ മെഡിട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ വരുന്ന മൂന്നാംതരംഗം കുട്ടികളെയാകും സാരമായി ബാധിക്കുകയെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ക്ക് വേഗത വര്‍ധിപ്പിച്ചത്. രണ്ടോ, മൂന്നോ മാസത്തിനകം പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സൂചന.
2021-05-12

