എവറസ്റ്റില്‍ കോവിഡ് അതിര്‍ത്തി വരയ്ക്കാന്‍ ചൈന

ബെയ്ജിങ് : കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി ചൈന. നേപ്പാളില്‍ നിന്ന് എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ‘കോവിഡ് അതിര്‍ത്തി’ വരയ്ക്കാനൊരുങ്ങുകയാണ് ചൈന.നേപ്പാള്‍ ഭാഗത്തുനിന്നുള്ള എവറസ്റ്റ് ബേസ് ക്യാംപില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കോവിഡ് ഭീതി പടര്‍ന്നിരുന്നു. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് എവറസ്റ്റിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ടിബറ്റന്‍ പര്‍വതാരോഹണ ഗൈഡുകളുടെ ഒരു സംഘം കൊടുമുടിയില്‍ അതിര്‍ത്തി രേഖ സ്ഥാപിക്കുമെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് അതിര്‍ത്തി രേഖ സ്ഥാപിക്കുകയെന്നും എന്തുകൊണ്ടാണ് നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.21 ചൈനീസ് പൗരന്മാരുടെ ഒരു സംഘം ടിബറ്റന്‍ ഭാഗത്തുള്ള കൊടുമുടിയിലേക്കുള്ള യാത്രയിലാണെന്നു സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പുറത്തുനിന്ന് വരുന്നവരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര രോഗവ്യാപനത്തിന് ചൈന തടയിട്ടിരുന്നു.