കോവിഡില്‍ അധികൃതരുടെ കനിവ് കാത്ത് സലൂണ്‍, ബ്യൂട്ടീഷന്‍ തൊഴിലാളികള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വട്ടം ചുറ്റി സംസ്ഥാനത്തെ സലൂണ്‍, ബ്യൂട്ടീഷന്‍ തൊഴിലാളികള്‍. നിലവില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും ആളുകളുമായി അടുത്ത് ഇടപഴുകുന്നതിനാലും ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ജോലി ആയതിനാലും സംസ്ഥാനത്തെ സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ നടപടി ആകുന്നില്ല.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യോത്തര വേളയില്‍ പറഞ്ഞിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവില്‍ ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. 45 ദിവസത്തിലേറെയായി സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇവിടെ ഉണ്ടായിരുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ നശിച്ചുപോയതായി സ്ഥാപന ഉടമകള്‍ പറയുന്നു.

മാത്രമല്ല, കടകളുടെ വൈദ്യുതി ചാര്‍ജ്, വെള്ളത്തിന്റെ ചാര്‍ജ് എന്നിവയും കുടിശികയാണ്. ഉപകരണങ്ങള്‍ വാങ്ങാനും കടകള്‍ മോഡി പീഡിപ്പിക്കാനും ബാങ്ക് ലോണും കടവും വാങ്ങിയവര്‍ ഇപ്പൊള്‍ അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയില്‍ ആയിരിക്കുകയാണ്. മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമാനമായിട്ടില്ലെന്ന് സലൂണ്‍ ബ്യൂട്ടിപാര്‍ലര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് കുന്നത്ത് പറഞ്ഞു.