Entertainment (Page 62)

നടൻ പ്രഭാസ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ. കാൽമുട്ടിന്റെ സർജറിക്ക് വേണ്ടിയാണ് നടൻ കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് പെട്ടെന്നാണ് സർജറി തീരുമാനിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നടന്റെ സർജറി വിവരം പുറത്തുവന്നതോടെ പ്രഭാസിന് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.

അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ നടന് ചെയ്യേണ്ടതായുള്ളതിനാൽ അധികം കാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനും കഴിയില്ല. കൽക്കി 2898ആണ് പ്രഭാസിന്റെ പ്രദർശനത്തിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കൽക്കിയിൽ നടനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, പശുപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 600 കോടി ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം പുലിമടയുടെ ടീസർ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ നിറഞ്ഞ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘പെണ്ണിന്റെ സുഗന്ധ’മെന്നാണ് ചിത്രത്തിന് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത് എ കെ സാജനാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഇരട്ട എന്ന ചിത്രത്തിന് ശേഷം ജോജു നായകനായെത്തുന്ന ചിത്രമാണിത്.

ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ,രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു ഷെഡ്യൂളിൽ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് സിനിമയാണ് പുലിമട . ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജിയോ ബേബി, കൃഷ്ണ പ്രഭ, സോനാ നായർ, അബു സലിം തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ന്യൂ ഡൽഹി : തീയറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം ജയിലറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ യു / എസർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ചിത്രത്തിൽ വയലൻസുണ്ടെന്നും അമേരിക്കയിലും യു കെയിലും ജയിലറിന് എ സെർട്ടിഫിക്കറ്റ് ആണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ എം എൽ രവി ഹർജി നൽകിയത്.

കോടതി ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ ചിത്രത്തിൻറെ പ്രദർശനം നിർത്തി വയ്ക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്. അതെ സമയം ചിത്രം ബോക്സ് ഓഫീസിൽ 450 കോടി കടന്നിരിക്കുകയാണ്. സൺ പിക്ചേഴ്‌സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും വിനായകനും വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള പാട്ടുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ജയിലർ തീയറ്ററിൽ പോയി കാണുമെന്ന് പറഞ്ഞു സൂപ്പർ താരം രജനി കാന്ത് . സിനിമ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രയും ഹിറ്റായതെന്നും അദ്ദേഹം വാർത്ത ഏജൻസിയോട് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് താരം ലക്നൗവിലെത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് നായകനായി പ്രദർശനത്തിനെത്തിയ തമിഴ് സിനിമയാണ് ജയിലർ.

തീയറ്ററിൽ 370 കോടിയിലധികം കളക്‌ഷൻ നേടിയ ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്നാണ് നിർമാതാക്കളായ സൺ പിക്ചേഴ്‌സ് പറയുന്നത്. നെൽസൺ ദിലീപ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, വിനായകൻ എന്നിവരും പ്രധാന വേഷമിടുന്നുണ്ട്.

ഭൂതകാലമെന്ന ഹൊറർ ചിത്രത്തിൻറെ സംവിധായകൻ രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമയുമായെത്തുന്നു. ഭ്രമയുഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്ന് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ‘മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. കേരളത്തിന്റെ ഇരുണ്ട കാലത്തെ പറ്റി പറയുന്ന കഥയാണിത്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്ക് ഇതൊരു ദൃശ്യ വിരുന്നായിരിക്കും എന്നായിരുന്നു ചിത്രത്തിൻറെ സംവിധായകൻ രാഹുൽ സദാശിവന്റെ പ്രതികരണം.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറാർ ത്രില്ലർ ചിത്രങ്ങൾക്ക് വേണ്ടി മാത്രം ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ്. കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ നായികയായെത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഈ സിനിമയിലെ കലാപകാരാ എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. കഴിഞ്ഞ ദിവസം സിനിമയിലെ നായികയായ ഐശ്വര്യ ലക്ഷ്മി ദുൽഖറിനൊപ്പം ആരാധകരോട് സംസാരിക്കവെയാണ് ഓരോ കഥാപാത്രങ്ങളെയും കുറിച്ച് വാചാലയായത്. കിംഗ് ഓഫ് കൊത്ത ഗ്യാങ്സ്റ്റർ സിനിമയാണെങ്കിലും അതിന്റെ കഥ എത്ര നന്നായി എഴുതി എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് നടി പറയുന്നത്.

സിനിമയിൽ നിരവധി കഥാപാത്രങ്ങളുള്ളതിനാൽ ഓരോ കഥാപാത്രങ്ങളുടെയും പെർഫെക്ഷൻ നിർണായകമായ കാര്യമാണ്. ഇക്കാര്യം നന്നായി ചിത്രത്തിൽ സംയോജിപ്പിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി. മലയാളത്തിലെ പ്രമുഖ സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ ചിത്രം മലയാള സിനിമയിൽ ചരിത്രമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ദൃശ്യം -2 വിന് ശേഷം മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ചിങ്ങം ഒന്നിന് തുടക്കം കുറിച്ചു. നേര് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. ശാന്തി മായാദേവിയും ജീത്തുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ‘നീതി തേടുന്നു’ വെന്നതാണ്.

ദൃശ്യം-2 വിൽ ജോർജുകുട്ടിയുടെ വക്കീലായി തിളങ്ങിയ ശാന്തി മായാദേവി ജീവിതത്തിലും അഭിഭാഷകയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമായ ‘നേര്’ ആശിർവാദ് സിനിമാസ് നിർമിക്കുന്ന 33 മത്തെ ചിത്രമാണ്.

ജയിലർ സിനിമ കോടികൾ കൊയ്യുമ്പോൾ രജനീകാന്ത് ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിലാണ്. കഴിഞ്ഞദിവസം സ്വാതന്ത്ര്യ ദിനത്തിൽ ഉത്തരാഖണ്ഡിൽ വച്ചാണ് താരം പതാക ഉയർത്തിയത്. അതിനുശേഷം അദ്ദേഹം മഹാ അവതാർ ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിന് പോകുന്നതിന്റെയും ട്രക്കിംഗ് നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

കേദാർനാഥ്, ബദരി നാഥ്‌ എന്നീ ക്ഷേത്രങ്ങളും താരം സന്ദർശിച്ചിരുന്നു. രണ്ടിടത്തും രജനീകാന്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ജയിലർ സിനിമ എല്ലാ ഭാഷയിലും വൻ ഹിറ്റായിരിക്കുകയാണ്. രജനികാന്തിന്റെ കരിയറിലെ തന്നെ ചരിത്രമാകാൻ പോകുന്ന സിനിമ തന്നെയാകും ഇതെന്നാണ് ആരാധകർ പറയുന്നത്.

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ ബോസ് ആൻഡ് കോയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സിനിമയിലെ യല്ല ഹബീബി എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ, വിദ്യ പ്രകാശ്, സിയ ഉൾ ഹഖ് എന്നിവരാണ്. ബോസ് ആൻഡ് കോ നിർമിക്കുന്നത് നിവിൻപോളിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.

ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസാകും. നല്ലവനായ ഒരു കൊള്ളക്കാരന്റെയും കൊള്ളയുടെയും തമാശ നിറഞ്ഞ കഥയാണ് ചിത്രത്തിൽ പറയുന്നത്. യു എ ഇ യിലും കേരളത്തിലുമായായിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നത്. നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട് , മമിത ബൈജു ,ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തമിഴ് സിനിമ ജയിലറുമായി ബന്ധപ്പെട്ട വിവാദം കാരണം തങ്ങളുടെ സിനിമയ്ക്ക് ഗുണം മാത്രമാണ് ഉണ്ടായതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദം കത്തിയപ്പോൾ തങ്ങളുടെ സിനിമ ജയിലർ കൂടുതൽ ആളുകൾ അറിഞ്ഞെന്നും അതിനാൽ വിവാദത്തെ പോസിറ്റീവ് സെൻസിലാണ് നോക്കികാണുന്നതെന്നും നടൻ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പേരിനെ സംബന്ധിച്ച് വിവാദമുണ്ടായപ്പോൾ അവർ പേര് മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അത് മീഡിയയിൽ അഡ്രസ് ചെയ്യേണ്ട വിഷയമായി തോന്നിയതിനാൽ വെളിപ്പെടുത്തി. ജയിലർ എന്ന പേര് ആദ്യം രജിസ്റ്റർ ചെയ്തതിനാൽ കൂടുതൽ പരിഗണന ഞങ്ങൾക്കാണ് എന്നായിരുന്നു നടൻ പ്രതികരിച്ചത്. വിവാദം മൂലം പ്രൊമോഷനില്ലാതെ ഞങ്ങളുടെ ചിത്രത്തിന് പബ്ലിസിറ്റി ലഭിച്ചെന്നും നടൻ പ്രതികരിച്ചു.