Entertainment (Page 28)

ബോളിവുഡ് നടി കരീന കപൂറിന് നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈക്കോടതി. താരത്തിന്റെ ഗർഭകാല ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്‌നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനാണ് നടിക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് താരത്തിന്നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചത്.

ക്രിസ്റ്റഫർ ആന്റണി എന്ന അഭിഭാഷകനാണ് കോടതിയിൽ ഹർജി നൽകിയത്. നടിക്കും പുസ്തകം വിൽക്കുന്നവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ച ആവശ്യം. ബൈബിൾ എന്ന വാക്ക് എന്തിനാണ് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന കാര്യത്തിൽ നടിയോട് കോടതി മറുപടി തേടി. പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ, കരീന കപൂർ ഖാന്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്.പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

തന്റെ കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ നടി സംയുക്ത. കരിയറിൽ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ബാങ്ക് ബാലൻസ് കാലിയായി കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥ വന്നിരുന്നു. കൊച്ചിയിൽ ഗ്രാന്റ് പാരന്റ്സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാൻ സ്ട്രഗിൾ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് താൻ ഓക്കെയാണ്. പക്ഷെ തന്റെ ബാങ്ക് ബാലൻസ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും താരം പറഞ്ഞു.

തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷൻ ഹൗസിന്റെ സിനിമ വേണമെന്ന് ഒരു ദിവസം രാത്രി താൻ സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചുവെന്നും സംയക്ത കൂട്ടിച്ചേർത്തു.

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ ബ്ലസി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം വിസ സ്വീകരിച്ചു. യുഎഇയുടെ ഗോൾഡൻ വിസ അംഗീകാരത്തിന് സംവിധായകൻ ബ്ലെസി നന്ദി അറിയിച്ചു.

പ്രവാസ ജീവിതത്തിന്റെ കഥ പറഞ്ഞ ആടു ജീവിതം എന്ന ചിത്രമാണ് ബ്ലസി അവസാനമായി സംവിധാനം ചെയ്തത്. പൃഥ്വിരാജാണ് ചിത്രത്തിൽ നായകനായി എത്തിയത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, റോമ, ഭാവന, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു.

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അരൺമനൈ 4. തമിഴ് ഹൊറർ കോമഡി ചിത്രമായ അരൺമനൈയിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. സുന്ദർ സി ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

യോഗി ബാബു, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, കോവൈ സരള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇ കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിക്കുന്നത്. ഈ ചിത്രത്തിൽ തമന്ന വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ തമിഴ് സിനിമാ ലോകം ചർച്ച ചെയ്യുന്നത്.

തമന്നയ്ക്ക് അരൺമനൈയിലെ കഥാപാത്രത്തിനായി നാല് മുതൽ അഞ്ച് കോടി വരെ ലഭിച്ചതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയിലർ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി മൂന്ന് കോടിയായിരുന്നു തമന്ന വാങ്ങിയ പ്രതിഫലം.

ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി നടൻ അല്ലു അർജുൻ. തന്റെ ആദ്യ സിനിമ ഗംഗോത്രി ഹിറ്റായിരുന്നു. പക്ഷേ തന്നെ കാണാൻ അത്ര ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും പിന്നെ തേടി വന്നില്ലെന്ന് അല്ലു അർജുൻ പറയുന്നു.

ആ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ കഴിയാതിരുന്നത് തന്റെ പരാജയമാണ്. ഗംഗോത്രി റിലീസിന് ശേഷം ഹൈദരാബാദിലെ ആർടിസി ക്രോസ് റോഡിൽ പുതിയ സിനിമകളും കണ്ട് കറങ്ങിനടക്കും. ഇതിനിടയിൽ തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മാസത്തിനുശേഷം നടനും സുഹൃത്തുമായ തരുണിനൊപ്പം ദിൽ എന്ന നിതിൻ നായകനായ ചിത്രം കാണാൻ പോയിരുന്നു. അവിടെവെച്ചാണ് സുകുമാർ എന്ന നവാഗത സംവിധായകൻ ആര്യ എന്ന ചിത്രത്തിനായി തന്നെ സമീപിച്ചത്. ആര്യ സുകുമാറിന്റെ ആദ്യചിത്രമായിരുന്നെങ്കിലും ആ തിരക്കഥയിൽ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത് തന്നെ വല്ലാതെ ആകർഷിച്ചു. അമ്മാവനായ ചിരഞ്ജീവിയും ആ തിരക്കഥ കേട്ടിരുന്നു. ആര്യയുടെ 125-ാം ദിനാഘോഷവേളയിൽ ചിരഞ്ജീവിയിൽനിന്ന് ആദരമേറ്റുവാങ്ങാനും കഴിഞ്ഞുവെന്ന് താരം വ്യക്തമാക്കി.

താൻ സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. ഒരു സിംഗിൾ മദറാകുന്നത് വരെ താൻ ഇത്രത്തോളം ശക്തയാണെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നുവെന്ന് ഭാമ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിലൂടെയും കുറിപ്പിലൂടെയുമാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു തനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രവും ഭാമ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ഭാമയും ഭർത്താവ് അരുണും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ നാളുകളായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇരുവരും ഈ വാർത്തകളോട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഏറെ നാളുകളായി താരത്തിന്റെ സാമൂഹ്യ മാദ്ധ്യമ പോസ്റ്റുകളിലൊന്നും അരുണിന്റെ ചിത്രങ്ങൾ കാണാറില്ല. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.

സാരിയിൽ തിളങ്ങി ബോളിവുഡ് നടി ആലിയ ഭട്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷൻ മേളകളിലൊന്നായ മെറ്റ ഗാലയിലാണ് താരം പേസ്റ്റൽ ബ്ലൂ ഷീർ സാരിയിൽ തിളങ്ങിയത്. ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ സാരിയാണ് താരം ധരിച്ചിരുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് താരങ്ങൾ മെറ്റ് ഗാലയിൽ എത്താറുള്ളത്.

സിൽക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ ചെയ്ത സാരി ധരിച്ച് അതീവ സുന്ദരിയാണ് താരം മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. രത്നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞിരുന്നത്.

നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബൺ ഹെയർസ്റ്റൈൽ ആലിയയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. 163 കരകൗശല വിദഗ്ധർ 1965 മണിക്കൂർ എടുത്താണ് 23 അടി നീളമുള്ള സാരി നിർമ്മിച്ചതെന്നാണ് ആലിയ വ്യക്തമാക്കുന്നത്. മെറ്റ് ഗാല സംഘടിപ്പിക്കുന്നത് എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്. ഫാഷൻ രംഗത്തെ സിനിമാ മേഖലയിലെയും പ്രശസ്തർ മെറ്റ് ഗാലയിൽ എത്താറുണ്ട്. പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടാണ്.

തന്റെ ഭാര്യ ആശയും അച്ഛൻ കെ ജി ജയനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വിശദീകരിച്ച് നടൻ മനോജ് കെ ജയൻ. ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അച്ഛനോട് തനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്‌നേഹം കുടിശ്ശിക തീർത്ത് തനിയ്ക്കു വേണ്ടി പകർന്നുകൊടുത്തത് ആശയാണ്. 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് തന്റെ അച്ഛൻ അതിലേറെയായിരുന്നു, അവളുടെ കളിതമാശകളും ,പരിചരണവും, സ്‌നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമർശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ലെന്ന് അദ്ദേഹം അറിയിച്ചു.

അവൾക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവൾ സഹനശീലയും കരുണാപൂർവ്വവുമായ സ്‌നേഹമാണ് നൽകിയിരുന്നത്. കഴിഞ്ഞ 13 വർഷക്കാലയളവിലെ ഈ പല ചിത്രങ്ങൾക്കും ആ സ്‌നേഹത്തെ ചൂണ്ടിക്കാണിയ്ക്കാൻ കഴിഞ്ഞേക്കാമെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.

അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് നടൻ മനോജ് കെ ജയൻ. അച്ഛന്റെ നിശ്ശബ്ദതകൾ പോലും അർത്ഥവത്തായ സംവാദങ്ങളായിരുന്നു എന്നത് അച്ഛന്റെ വേർപാടിന്റെ ശേഷമാണ് തിരിച്ചറിയുന്നതെന്ന് മനോജ് കെ ജയൻ പറഞ്ഞു. അച്ഛൻ ഭാഗ്യവാനായിരുന്നു. നേടാവുന്നതെല്ലാം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പദ്മശ്രീ പോലെയുള്ള ദേശീയ ബഹുമതിയും, മറ്റനേകം അംഗീകാരങ്ങളും നേടി, ആഗ്രഹിച്ചതുപോലെ ആസ്വദിച്ചു ജീവിച്ചു. പൂർണ്ണായുസ്സോടെ ജീവിച്ചു വിഷ്ണു പാദംപൂകി. മാത്രമല്ല സ്വന്തമായ ശൈലിയിലുള്ള ഈണവും, ആലാപനവും കൊണ്ട് ഭക്തജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗാനങ്ങളിലൂടെയും അച്ഛൻ ഓർമ്മിക്കപ്പെടുമെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ശ്രീകോവിൽ നടതുറന്നു എന്ന ഗാനത്തോടെയാണ് ശബരിമലയിൽ ഇന്നും നട തുറക്കുന്നത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എത്രത്തോളം ആദ്ദേഹത്തിന് കിട്ടിയിരുന്നു എന്നത് ഇതിലൂടെ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അച്ഛൻ ജീവിതത്തിൽ പുലർത്തിവന്ന കൃത്യതയും ധൈര്യവും എപ്പോഴും ഞങ്ങളുടെ ജീവിതങ്ങളിൽ പ്രേരണയായി ശേഷിക്കുന്നു. അച്ഛന്റെ കഥകളും പഴയ ഫോട്ടോകളും നോക്കിക്കൊണ്ട് സമയം കഴിക്കുന്നത് ഒരു സന്തോഷകരമായ യാത്രയാണ്. അച്ഛന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളാണ് അതിലെ പ്രധാനമായ നിധികളെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്തംബർ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2019 ഏപ്രിലിൽ മാസമാണ് ചിത്രം പ്രഖ്യാപിച്ചത്.

ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്.