ബോളിവുഡ് നടി കരീന കപൂറിന് നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈക്കോടതി. താരത്തിന്റെ ഗർഭകാല ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്‌നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനാണ് നടിക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് താരത്തിന്നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചത്.
ക്രിസ്റ്റഫർ ആന്റണി എന്ന അഭിഭാഷകനാണ് കോടതിയിൽ ഹർജി നൽകിയത്. നടിക്കും പുസ്തകം വിൽക്കുന്നവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ച ആവശ്യം. ബൈബിൾ എന്ന വാക്ക് എന്തിനാണ് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന കാര്യത്തിൽ നടിയോട് കോടതി മറുപടി തേടി. പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ, കരീന കപൂർ ഖാന്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്.പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

