Entertainment (Page 27)

പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ നിൽക്കുന്നതെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നതെന്നും 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രേക്ഷകർ ഇതുവരെ വിട്ടിട്ടില്ല ഇനിയും വിടത്തില്ലെന്നും മമ്മൂട്ടി അറിയിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നാടൻ ചട്ടമ്പിയല്ല, വഴക്കാളിയല്ല, ഗുണ്ടയല്ല. ജോസൊരു ഡ്രൈവറാണ്. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വൻ അടിയാണ്. അവിടെ ജോസ് പതറിപ്പോകും. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാമെന്ന് വീഡിയോയിൽ മമ്മൂട്ടി വിശദമാക്കുന്നു..

കഥയുടെ ഒരു സിംഹഭാഗവും തമിഴ്‌നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. ചില പരിതസ്ഥിതികളിൽ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കിൽ നമുക്ക് ‘ടർബോ’ എന്ന് വിളിക്കാമെന്ന് ടർബോ ജോസ് എന്ന കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്നു.

ഹൈദരാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തെലുങ്ക് താരം അല്ലു അർജുനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണമായി എത്തിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. താൻ പോയത് തന്റെ സുഹൃത്തിന് വേണ്ടിയാണെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും അല്ലു അർജുൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. താൻ നിഷ്പക്ഷനാണെന്നും ജനസേന പാർട്ടി സ്ഥാപകനും അമ്മാവനുമായ പവൻ കല്യാൺ ഉൾപ്പെടെയുള്ളവരെ പാർട്ടി നോക്കാതെ പിന്തുണയ്ക്കുന്നുവെന്നും അല്ലു അർജുൻ അറിയിച്ചു.

കഴിഞ്ഞതവണ തനിക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ല. ഇത്തവണ തന്റെ സുഹൃത്തിനുവേണ്ടി അത് നിറവേറ്റാൻ തനിക്ക് കഴിഞ്ഞു. അച്ഛൻമാരെ സ്നേഹവും പിന്തുണയും ഉണ്ടെന്നും തിരഞ്ഞെടുപ്പിൽ എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

വൈ എസ് ആർ സി പി പാർട്ടി സ്ഥാനാർത്ഥി എസ് രവിചന്ദ്ര കിഷോർ റെഡിയെ പിന്തുണച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് ആയിരുന്നു അല്ലു അർജുനെതിരെ കേസെടുത്തത്. വരണാധികാരിയുടെ അനുമതിയില്ലാതെ ആളെ കൂട്ടി എന്നായിരുന്നു കേസ്. രവിചന്ദ്രയ്ക്ക് പിന്തുണയുമായി അല്ലു അർജുൻ എക്സ് മാധ്യമത്തിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് പൃഥ്വിരാജ്. അതുപോലെ തന്നെ താരത്തിന്റെ ഭാര്യ സുപ്രിയ മേനോനും ആരാധകരേറെയുണ്ട്. പൃഥ്വിയെ കുറിച്ച് സുപ്രിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

പൃഥിയുടെ തിരക്കുകൾ കാരണം ഒരുമിച്ചുള്ള സമയം പലപ്പോഴും ലഭിക്കാറില്ലെന്നാണ് സുപ്രിയ പറയുന്നത്. പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്. ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ പറ്റില്ല. ഇതാണ് തങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്കെന്നും സുപ്രിയ വെളിപ്പെടുത്തി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ വെളിപ്പെടുത്തൽ.

ഇപ്പോൾ മകളും അച്ഛൻ കുറച്ച് കൂടി സമയം വീട്ടിലുണ്ടാകണമെന്ന് പറയുന്നുണ്ട്. പക്ഷെ സിനിമയാണ് ഇദ്ദേഹം ശ്വസിക്കുന്നതും കഴിക്കുന്നതെന്നും തനിക്കറിയാം. തങ്ങൾ പൃഥിയെ കാണാൻ ഒരുപാട് യാത്ര ചെയ്യാറുണ്ട്.പൃഥിക്ക് പ്രായമാകുമ്പോൾ വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുമെന്ന് കരുതുന്നു. ഇപ്പോഴത്തെ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതിയെന്നും സുപ്രിയ വ്യക്തമാക്കി.

ഇന്ത്യയിൽ ഇതുവരെ നിർമ്മിക്കുന്നതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണമെന്ന് റിപ്പോർട്ട്. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഏകദേശം 835 കോടി രൂപ.

ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് കഴിഞ്ഞ മാസമാണ്. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂർണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ൽ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം 2022 ൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ബ്രഹ്മാസ്ത്ര’ ആയിരുന്നു. 500 കോടിക്ക് മുകളിലായിരുന്നു ഈ ചിത്രത്തിന്റ ബജറ്റ്. രൺബീർ തന്നെയാണ് രാമായണത്തിലും നായകനായെത്തുന്നത്.

നടൻ ബേസിൽ ജോസഫിന്റെ അഭിനയ മികവിനെ കുറിച്ച് തമിഴ് താരം ജ്യോതിക തന്നോട് സംസാരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. ജയ ജയ ജയ ജയഹേ സിനിമ കണ്ട ശേഷമാണ് ബേസിലിന്റെ പെർഫോമൻസിനെ പുകഴ്ത്തി ജ്യോതിക സംസാരിച്ചതെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കൽ താൻ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ആ സമയത്താണ് ബേസിലിനെ കുറിച്ചും ജയ ജയ ജയഹേ സിനിമയെ കുറിച്ചും ജ്യോതിക സംസാരിച്ചത്. സിനിമയിലെ ബേസിലിന്റെ പെർഫോമൻസ് കണ്ട് അവനെ തല്ലാൻ തോന്നിയെന്നും എന്നാൽ ബേസിൽ ആയതുകൊണ്ട് സ്‌നേഹിക്കാനും തോന്നുമെന്നാണ് ജ്യോതിക പറഞ്ഞതെന്ന് പൃഥ്വിരാജ് പറഞ്ഞു.

ബേസിലിന്റെ റിയൽ ലൈഫ് പേഴ്‌സണാലിറ്റിയെക്കുറിച്ച് താൻ കേട്ട ഏറ്റവും നല്ല റിമാർക്ക് ജ്യോതികയിൽ നിന്നാണ്. താൻ മുംബൈയിലുള്ള അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. താൻ അവിടെ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവർ ജയ ജയ ജയഹേ കാണുന്നത്. ആ സമയത്താണ് സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഭക്ഷണമൊക്കെ കഴിച്ച ശേഷം തങ്ങൾ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചർച്ചയെത്തി. തനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കുന്നു.

ജ്യോതിക തന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോൾ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടർ അവൻ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവർക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നതെന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടർബോ’യുടെ ട്രെയിലർ റിലീസായി. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

2024 മെയ് 23നാണ് ചിത്രത്തിന്റെ റിലീസ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയായ ടർബോയിൽ ജീപ്പ് ഡ്രൈവറായ ജോസിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ദുബായ് സിലിക്കോൺ സെൻട്രൽ മാളിൽ വെച്ച് നടന്ന ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചിൽ മമ്മൂട്ടിയാണ് ടർബോയുടെ ട്രെയ്‌ലർ അവതരിപ്പിച്ചത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അമരാവതി: ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. വാഹനാപകടത്തിലാണ് കന്നഡ ടെലിവിഷൻ താരമായ പവിത്ര മരണപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

പിന്നാലെ വന്ന ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. നിരവധി ആരാധകരാണ് പവിത്രയ്ക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് കൃതി സനോൺ. ഒരു ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിൽ ആണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ബിസിനസുകാരനായ കബീർ ബാഹിയയുമായി കൃതി സനോൺ ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇരുവരും ഒന്നിച്ചിരുന്ന് സമയം ചെലവഴിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

അതേസമയം അടുത്തിടെ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ കൃതി തന്റെ ജീവിതപങ്കാളിയെ കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് വളരെ റിയൽ ആയ ഒരാളെ വേണമെന്നായിരുന്നു കൃതി പറഞ്ഞത്. തന്നെ ചിരിപ്പിക്കാൻ കഴിയുന്ന തനിക്ക് മണിക്കൂറുകളോളം സംസാരിക്കാൻ കഴിയുന്ന തന്നെയും തന്റെ ജോലിയെയും ബഹുമാനിക്കുന്ന ഒരാളായിരിക്കണമെന്നും കൃതി വെളിപ്പെടുത്തിയിരുന്നു.

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെയും ഹർദിക് പാണ്ഡ്യയുടെയും അടുത്ത സുഹൃത്താണ് കബീർ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ആട്ടം’ ഒരുക്കിയ ആനന്ദ് ഏകർഷി തന്നെയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ആട്ടം) എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും.

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി ചിത്രങ്ങൾ കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് നൽകും. നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.

മറ്റ് പുരസ്‌കാരങ്ങൾ:

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്)
മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി)
മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം – കാഞ്ചന കണ്ണെഴുതി… ,ചിത്രം- ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ….,ചിത്രം – കിർക്കൻ)
മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)

മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി)
മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്സ്)
മികച്ച കലാസംവിധായകൻ : സുമേഷ് പുൽപ്പള്ളി, സുനിൽ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാൻ : റോണക്സ് സേവ്യർ (പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആർ.ഡി.എക്സ് (സംവിധാനം- നഹാസ് ഹിദായത്ത്), ഗരുഡൻ (സംവിധാനം- അരുൺവർമ്മ)
മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം -അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻദാസിന്റെ രാമരാജ്യം (സംവിധാനം -റഷീദ് പറമ്പിൽ)
മികച്ച ജീവചരിത്ര സിനിമ : ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ് (സംവിധാനം -ഷൈസൺ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം- അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം- കാവിൽരാജ്)
മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സംവിധാനം -ദേവൻ ജയകുമാർ)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്പോയ്ൽസ് (സംവിധാനം -മഞ്ജിത് ദിവാകർ), ഇതുവരെ (സംവിധാനം- അനിൽ തോമസ്), ആഴം (നിർമ്മാണം -ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം- ഗിരീഷ് കുന്നുമ്മൽ)
മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമ്മാണം -റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെൽവരാജ്)

മികച്ച നവാഗത പ്രതിഭകൾ

സംവിധാനം : സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം), ഷൈസൺ പി ഔസേഫ് (ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്)
അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (സൂചന),രേഖ ഹരീന്ദ്രൻ ( ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം : അനീഷ് അൻവർ (രാസ്ത)
അഭിനയം : ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിർക്കൻ), ഉണ്ണി നായർ (മഹൽ), എ വി അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആർ ചന്ദ്രൻ (തടവ്), റഫീഖ് ചൊക്ളി (ഖണ്ഡശ), ഡോ. അമർ രാമചന്ദ്രൻ (ദ്വയം),ജിയോ ഗോപി (തിറയാട്ടം)
തിരക്കഥ : വിഷ്ണു രവി ശക്തി (മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (മോണോ ആക്ട്)
സംഗീതം : സതീഷ് രാമചന്ദ്രൻ (ദ്വയം), ഷാജി സുകുമാരൻ (ലൈഫ്)

അമ്മയോടൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് നടൻ മോഹൻലാൽ. മാതൃ ദിനത്തിലാണ് അദ്ദേഹം അമ്മയ്‌ക്കൊപ്പമുള്ള ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. കുട്ടി മോഹൻലാലിനെയും അമ്മ ശാന്തകുമാരിയെയും ചിത്രത്തിൽ കാണാം.

അമ്മയ്ക്ക് മാതൃദിന ആശംസകളും താരം നേർന്നു. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. സെപ്തംബർ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2019 ഏപ്രിലിൽ മാസമാണ് ചിത്രം പ്രഖ്യാപിച്ചത്.

ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്.