Entertainment (Page 29)

പവി കെയർ ടേക്കർ എന്ന സിനിമയെ കുറിച്ച് വാചാലനായി നടൻ ദിലീപ്. ഭയങ്കരമായി എൻജോയ് ചെയ്തുകൊണ്ട് ചെയ്ത സിനിമയാണ് ‘പവി കെയർടേക്കർ’ എന്ന് അദ്ദേഹം പറഞ്ഞു. മൈ ബോസ്, ടൂ കൺട്രീസ്, രാമലീല പോലൊരു സിനിമ തന്നെയാണിതെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബോഡി ഗാർഡ് എന്ന ചിത്രവുമായി പവി കെയർ ടേക്കറിന് സാമ്യമുണ്ടെന്ന പ്രക്ഷകരുടെ അഭിപ്രായത്തോടും ദിലീപ് പ്രതികരിച്ചു. ‘ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്പെൻസ് മെയിന്റെയിൻ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകർ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങൾക്ക് അറിയാലോയെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമകൾ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമർശകരെക്കുറിച്ചും ദിലീപ് സംസാരിച്ചു. മിനിമം പത്ത് വർഷമായി താനിത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. അന്ന് സോഷ്യൽ മീഡിയയിൽ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യൽ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാണെന്ന് താരം കൂട്ടിച്ചേർത്തു.

തമിഴ് സിനിമാ ലോകത്ത് മാത്രമല്ല ലോകമൊമ്പാടും ഏറെ ആരാധകരുള്ള സൂപ്പർ സ്റ്റാറാണ് രജനികാന്ത്. രജനികാന്തിന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രമുഖ ബോളിവുഡ് നിർമ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് ഹംഗാമ.കോം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബസ് കണ്ടക്ടറിൽ നിന്ന് സിനിമാ ലോകത്തെ സൂപ്പർതാരമായി ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത് വളർന്നത് സിനിമയെ വെല്ലുന്ന കഥ തന്നെയാണ്. ഈ ജീവിത കഥ പലർക്കും ഒരു പ്രചോദനം തന്നെയാണ്.

എആർ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിർമ്മാണഘട്ടത്തിലാണ് ഇപ്പോൾ സാജിത് നഡ്വാല. അതിന് ശേഷമായിരിക്കും രജനി ചിത്രത്തിലേക്ക് കടക്കുക. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാൻ ചെലവാക്കിയ ഏറ്റവും കൂടിയ തുക രജനികാന്തിന് വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നടൻ കമൽ ഹാസനെതിരെ ആരോപണവുമായി ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നുമാണ് ഇവരുടെ ആരോപണം. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ.

ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്‌സ് എന്ന നിർമാണ കമ്പനിയുടെ സാരഥികളാണ് ലിംഗുസാമിയും സഹോദരനും. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് ഇവർ കമൽ ഹാസനെതിരെ പരാതി നൽകിയിട്ടുണ്ട്.

ഉത്തമവില്ലൻ റിലീസ് ചെയ്തത് 2015 ലാണ്. കമൽഹാസന്റെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ പരാജയത്തിന് ശേഷം ഈ നിർമാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് നിർമ്മാതാക്കളുടെ ആരോപണം. തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്ന് ലിംഗസ്വാമി പറയുന്നു.

ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ബാഹുബലി. എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ബാഹുബലി ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ‘ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്’ എന്ന ആനിമേറ്റഡ് സീരീസ് പുറത്തിറങ്ങുമെന്ന വാർത്തയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഈ സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ എസ് എസ് രാജമൗലി തന്നെയാണ് ഈ ആനിമേറ്റഡ് ഷോ ഒരുക്കിയിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

ബാഹുബലി സിനിമയുടെ കഥ നടക്കുന്നതിന് മുൻപ് മഹിഷ്മതിയിൽ നടന്ന സംഭവങ്ങളാണ് പുതിയ സീരിസിലെ കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിലറിൽ കൊട്ടാരത്തെ പുതിയ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നതാണ് കാണിക്കുന്നത്. രക്തദേവൻ എന്ന പുതിയ വില്ലനെയും ബാഹുബലി സീരിസിൽ അവതരിപ്പിച്ചിട്ടുണ്ട്.

ബാഹുബലിയുടെ ലോകം വളരെ വിശാലമാണെന്നും. അതിൽ നൂറു കണക്കിന് കഥകളുണ്ടെന്നും രാജമൗലി പറഞ്ഞു. അതിൽ ഒന്നാണ് സിനിമയിലൂടെ വന്നത്. ഇതുപോലുള്ള ശ്രമങ്ങൾ ബാഹുബലിയുടെ ആരാധകർക്ക് കൂടുതൽ ആവേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പാലക്കാട് സ്വദേശിയായ നവ് ഗിരീഷ് ആണ് മാളവികയുടെ വരൻ. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവ്‌നീത് ഗിരീഷ്.

നവ്‌നീത് ഗിരീഷിന്റെയും മാളവികയുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചക്കി എന്ന് വിളിപ്പേരുള്ള മാളവികയുടെ സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായരും ചടങ്ങിൽ പങ്കാളിയായി.

തമിഴ്‌നാടാൻ സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി അണിഞ്ഞ് അതീവ സുന്ദരിയായാണ് മാളവിക വിവാഹത്തിനെത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീത് ധരിച്ചിരുന്നത്. തൃശൂർ ഹയാത്ത് ഹോട്ടലിൽ വിവാഹ വിരുന്ന് നടന്നു. വിവാഹ ചടങ്ങുളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത് ഈ വർഷം ജനുവരിയിലായിരുന്നു. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത്.

തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താരമാണ് അജിത്ത്. 53 -ാം വയസിലേക്ക് കടന്നിരിക്കുകയാണ് താരം. അജിത്തിന് ഭാര്യ ശാലിനി നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ വൈറലാകുന്നത്. അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റിയാണ് ശാലിനി പിറന്നാൾ സമ്മാനമായി നൽകിയത്.

അജിത്തിന് ബൈക്ക് റൈഡ് ചെയ്യാൻ വളരെ ഇഷ്ടമാണ്. അതിനാലാണ് ശാലിനി അദ്ദേഹത്തിന് ഈ സമ്മാനം നൽകിയതെന്നാണ് ആരാധകർ പറയുന്നത്. ബൈക്ക് ലവഴ്‌സിന്റെ ഇഷ്ട ബൈക്കുകളിൽ ഒന്നാണ് ഡുക്കാറ്റി. ബെർത്ത് ഡേ ഡെക്കേറഷനുകൾക്കിടയിലിരിക്കുന്ന ബൈക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

2003-ലെ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ്, 2010-ലെ എഫ്‌ഐഎ ഫോർമുല ടു ചാമ്പ്യൻഷിപ്പ് തുടങ്ങിയ ഇനങ്ങളിൽ അജിത്ത് മത്സരിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ-ഇന്റർനാഷണൽ ബൈക്ക് ട്രിപ്പും താരം നടത്തിയിട്ടുണ്ട്. 2000 ഏപ്രിൽ 24 നാണ് അജിത്തും ശാലിനിയും വിവാഹിതരായത്. താരദമ്പതികൾക്ക് ഒരു മകനും മകളും ഉൾപ്പെടെ രണ്ട് മക്കളാണുള്ളത്.

ക്യാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് തുറന്നു സംസാരിച്ച് നടി മനീഷ കൊയ്‌രാള. അടുത്ത പത്തുവർഷമോ, അഞ്ചുവർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നുവെന്നും എന്നാൽ ഇന്ന് താൻ ഈ രോഗത്തെ ഒരു ശാപമായല്ല ഒരു നിമിത്തമായാണ് കാണുന്നതെന്ന് മനീഷ പറഞ്ഞു. ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ മുതൽ, അർബുദത്തിന്റെ വൈകിയ സ്റ്റേജിലും അതിജീവിച്ചുവന്നവരെക്കുറിച്ചുൾപ്പെടെയുള്ള പ്രചോദനാത്മകമായ വാർത്തകൾ പരതുമായിരുന്നു. പക്ഷേ ഒരുപാടു പരതിയെങ്കിലും തനിക്കത് കണ്ടെത്താനായില്ലെന്ന് മനീഷ പറയുന്നു.

പകരം വിഷമിപ്പിക്കുന്ന കഥകളാണ് താൻ എപ്പോഴും കണ്ടിരുന്നത്. എവിടെപ്പോയാലും അവിടെ ഒരു നിരാശയോ വിഷമിപ്പിക്കുന്ന കഥയോ ഉണ്ടാകും. അർബുദത്തിനുശേഷം ജീവിച്ചിരിക്കുന്നവരേക്കുറിച്ച് അധികം കഥകൾ കാണുകയുമില്ല. അങ്ങനെയാണ് തനിക്കൊരു രണ്ടാംജന്മം ലഭിക്കുകയാണെങ്കിൽ ലോകത്തോട് തന്റെ കഥയേക്കുറിച്ച് പറയുമെന്ന് തീരുമാനിച്ചത്. കാൻസർ വന്നാൽ ജീവിതം അവസാനിക്കില്ലെന്ന് പറയുകയായിരുന്നു ലക്ഷ്യം. കാൻസർ സ്ഥിരീകരണത്തിനു ശേഷവും നന്നായി ജീവിക്കുന്ന തന്റെ ജീവിതം ഒരു ഉദാഹരണമാകണമെന്നും മനീഷ വ്യക്തമാക്കി.

കാൻസർ അതിജീവനം നല്ലൊരു അനുഭവമായിരുന്നു എന്നല്ല പറയുന്നത്, അത് മാനസികാഘാതം ഉണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ താൻ അതിനുശേഷം നന്നായി ജീവിക്കുന്നു എന്നതാണ് പ്രധാനം. ആർക്കും ഇതുപോലെ ജീവിക്കാനാവും എന്നാണ് അതിനർത്ഥമെന്നും മനീഷ കൂട്ടിച്ചേർത്തു.

സീരിയൽ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്ത്. നടി കൃഷ്ണ മുഖർജിയാണ് സീരിയൽ നിർമ്മാതാവിനെതിരെ രംഗത്തെത്തിയത്. താൻ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുൻ എന്ന പരമ്പരയുടെ സെറ്റിൽ വെച്ച് ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ശുഭ് ശകുൻ എന്ന പരമ്പരയെ കുറിച്ചും നിർമ്മാതാവ് കുന്ദൻ സിംഗിനെ കുറിച്ചുമാണ് നടി തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുന്നത്.

എല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയത് പിടിച്ചുവെയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏറെ വിഷമതകൾ നിറഞ്ഞ സമയത്തിലൂടെയാണ് താൻ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്നര വർഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു. ഒറ്റയ്ക്കായിരിക്കുമ്പോൾ ഉറക്കെ കരഞ്ഞു. അവസാനം പ്രദർശനത്തിനെത്തിയ ശ്ുഭ് ശകുൻ എന്ന പരമ്പര ചെയ്തു തുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷൻ ഹൗസും നിർമാതാവും തന്നെ പലതവണ ഉപദ്രവിച്ചുവെന്ന് നടി വ്യക്തമാക്കി.

കടുത്ത വിഷാദവും ഉത്കണ്ഠയും നിറഞ്ഞ നാളുകളിലൂടെയാണ് താൻ കടന്നുപോകുന്നത്. സുഖമില്ലാതിരുന്ന അവസരത്തിൽ തന്നെ മേക്കപ്പ് റൂമിൽ പൂട്ടിയിടുകപോലും ചെയ്തു. ചെയ്ത ജോലിക്ക് കൂലി നൽകിയിരുന്നില്ല. വസ്ത്രം മാറുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ വാതിലിൽ അത് തകർക്കാനെന്നപോലെ അടിച്ചു. അഞ്ചുമാസത്തെ പ്രതിഫലമായി കിട്ടേണ്ടിയിരുന്നത് വലിയൊരു സംഖ്യയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് ചാനൽ ഓഫീസിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ലെന്നും കൃഷ്ണ മുഖർജി ആരോപിക്കുന്നു.

തനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു. സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഒന്നും ഫലംചെയ്തില്ല. താനെന്താണ് ഷോ ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതാണ് കാരണം. ഇതുപോലെ വീണ്ടും നടന്നാലോ എന്ന ഭയമാണ് തനിക്കെന്നും തനിക്ക് നീതി ലഭിക്കണമെന്നും നടി കൂട്ടിച്ചേർത്തു.

ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിൽ. മഹാദേവ് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുൻകൂർ ജാമ്യം തേടി സഹിൽ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് സഹിൽ ഖാനെ അറസ്റ്റ് ചെയ്തത്. ചത്തീസ്ഗഢിൽ നിന്നാണ് താരം അറസ്റ്റിലായത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സഹിൽ ഒളിവിൽ പോയിരുന്നു.

40 മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷമാണ് താരത്തെ മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. താരത്തെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.

ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽ നിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്.

മലയാളത്തിൽ മാത്രം സിനിമകൾ ചെയ്യാതെ മറ്റ് ഭാഷകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് തനിക്ക് അവിടെ പോകാനും അവരോട് എല്ലാം ഇടപഴകാനുമുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് താൻ അത്തരം സിനിമകളിൽ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓൺചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ സമയക്രമത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാത്ത ഒരു വ്യക്തിയാണ്. ഒരു കാര്യങ്ങളും കൃത്യസമയത്ത് ആരംഭിക്കുകയോ പൂർത്തിയാക്കുകയോ താൻ ചെയ്യാറില്ല. നമുക്ക് ഓരോരുത്തർക്കും സിനിമ കാണുന്നതിനപ്പുറം പലതും ചെയ്യാനുണ്ടെന്നും സിനിമക്ക് ഒരു പരിധിയുണ്ടെന്നും ഫഹദ് വ്യക്തമാക്കി.

ഓരോ കഥാപാത്രത്തിന്റെയും ആയുസ് താൻ അടുത്ത കഥാപാത്രം ചെയ്യുന്നത് വരെ ആയിരക്കണം. താൻ എന്റെ സ്വകാര്യ ജീവിതത്തിൽ എന്ത് ചെയ്യുന്നുവെന്ന് മറ്റുള്ളവർ ചിന്തിക്കേണ്ട കാര്യമില്ല. തീയേറ്ററുകളിൽ എന്റെ സിനിമ കാണാൻ വരുമ്പോൾ മാത്രം തന്നെ കുറിച്ച് ആളുകൾ ചിന്തിച്ചാൽ മതി. മലയാള സിനിമയിൽ അടുത്ത അഞ്ച് വർഷം എന്ത് പരീക്ഷണവും നടത്താൻ സാധിക്കും. ഇത്തരം പരീക്ഷണങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന പ്രേക്ഷക സമൂഹമാണ് ഇവിടെ ഇപ്പോഴുള്ളത്. ഇത്തരം പരീക്ഷണങ്ങൾ കലാകാര്യത്തിലും, ബോക്‌സോഫീസ് വിജയത്തിലും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.