Entertainment (Page 25)

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയ്ക്കുള്ളിലെ സിനിമ ഓർമ്മകളെ കുറിച്ച് പറയുന്ന ചിത്രം തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ജൂൺ ഏഴിനാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. സോണി ലിവിലാണ് ചിത്രം സ്ട്രിം ചെയ്യുന്നത്. ഈ വർഷത്തെ ആദ്യ 50 കോടി ചിത്രങ്ങളിൽ ഇടം നേടിയ സിനിമകളിൽ ഒന്നാണ് വർഷങ്ങൾക്ക് ശേഷം. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.

നിവിൻ പോളി, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കാൻ നടൻ സുരാജ് വെഞ്ഞാറമൂട്. നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31’ ന്റെ പൂജ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ആമിർ പള്ളിക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ നായക വേഷത്തിത്തിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന തുടങ്ങിയവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ജസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. സന്തോഷ് കൃഷ്ണൻ, ആണ് ലൈൻ പ്രൊഡ്യൂസർ. ഡിഓപി ഷാരോൺ ശ്രീനിവാസും മ്യൂസിക് അങ്കിത് മേനോനും നിർവ്വഹിക്കുന്നു. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റർ.

തന്റെ അമ്മ ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോഗം തന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുവെന്ന് ബോളിവുഡ് നടി ജാൻവി കപൂർ. അമ്മ ഭയങ്കര വിശ്വാസമുള്ളയാളായിരുന്നുവെന്ന് ജാൻവി പറയുന്നു. ചില കാര്യങ്ങൾ പ്രത്യേക ദിവസങ്ങളിലേ ചെയ്യാവൂ, വെള്ളിയാഴ്ച മുടി മുറിക്കരുത്, വെള്ളിയാഴ്ച കറുത്ത വസ്ത്രം ധരിക്കരുത് ഇങ്ങനെയുള്ള പല കാര്യങ്ങളും അമ്മ പറയുമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളോടൊന്നും തനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അമ്മ പോയതിന് ശേഷം, താനതെല്ലാം വിശ്വസിക്കാൻ തുടങ്ങിയെന്ന് ജാൻവി വ്യക്തമാക്കി.

അമ്മ കൂടെയുണ്ടായിരുന്നപ്പോൾ താനിത്രയും വിശ്വാസിയും ആത്മീയത ഇഷ്ടപ്പെടുന്ന ഒരാളായിരുന്നോ എന്ന് തനിക്കറിയില്ല. അമ്മ ജീവിച്ചിരുന്നപ്പോൾ മതാചാരങ്ങളൊക്കെ തങ്ങൾ ചെയ്യുമായിരുന്നു. കാരണം അമ്മയെല്ലാം ചെയ്യുന്നതു കൊണ്ട് ഞങ്ങളും ആ രീതി പിന്തുടർന്നു. അമ്മയുടെ വേർപാടിന് ശേഷം താൻ മതത്തിൽ കൂടുതൽ അഭയം പ്രാപിക്കാൻ തുടങ്ങിയതായി തോന്നുന്നു. അമ്മ എപ്പോഴും നാരായണ നാരായണ എന്ന് ജപിക്കുമായിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ അമ്മ അവിടെ പോകുന്നത് നിർത്തി. അമ്മ മരിച്ചതിന് ശേഷം അമ്മയുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തണമെന്ന് താൻ തീരുമാനിച്ചുവെന്നും ജാൻവി പറഞ്ഞു.

ആദ്യം അവിടെയെത്തിയപ്പോൾ ഞാൻ കുറച്ച് വികാരാധീനയായെങ്കിലും, മാനസികമായി തനിക്ക് നല്ല സമാധാനം അവിടെയെത്തിയപ്പോൾ ലഭിച്ചു. അമ്മയുടെ മരണവുമായി താനിതുവരെ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ല. ഞാനിപ്പോൾ അമ്മയെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നു, കാരണം അമ്മയെ ഓർക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

വിജയ് നായകനായി എത്തിയ ചിത്രം ജില്ലയിൽ അഭിനയിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. വിജയ് വ്യക്തിപരമായി തന്നെ വിളിക്കുകയും വേഷത്തിൽ അഭിനയിക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തതായി മോഹൻലാൽ പറയുന്നു. താൻ ഉടൻ സമ്മതം മൂളിയെന്നും മോഹൻലാൽ വ്യക്തമാക്കി . ജന്മദിനത്തോട് അനുബന്ധിച്ച് ഒരു ചാനൽ പരിപാടികൾ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താൻ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവർത്തകർക്കും തോന്നിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു .

2014 ൽ ആണ് ജില്ല പുറത്തിറങ്ങിയത്. ശിവൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചത്. ശക്തി എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചത്. 50 കോടി ബജറ്റിലെത്തിയ ചിത്രം 85 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്.

കാജൽ അഗർവാൾ, സമ്പത് രാജ്, നിവേദ തോമസ്, പൂർണിമ ഭാഗ്യരാജ്, സൂരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ആരാധകരേറെയുള്ള താരമാണ് പ്രഭാസ്. താരത്തെ കുറിച്ചുള്ള എല്ലാ വാർത്തകളും വൈറലാകാറുണ്ട്. തന്റെ വിവാഹത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധികമാരെ വേദനിപ്പിക്കാൻ വയ്യെന്നും അതിനാൽ ഉടൻ ഒന്നും വിവാഹം കഴിക്കില്ലെന്നുമാണ് പ്രഭാസ് പറയുന്നത്.

പ്രഭാസിന്റെ പുതിയ ചിത്രമായ കൽക്കി 2898 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു താരം ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയത്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കി 2898 എന്ന ചിത്രം. ദീപിക പദുകോൺ ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. ജോർജ്ജ് സ്റ്റോജിൽ കോവിച്ചാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.

തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ നേതൃത്വനിരയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ കാൽനൂറ്റാണ്ടായി വിവിധ പദവികളിൽ സംഘടനയുടെ നേതൃരംഗത്തുള്ള വ്യക്തിയാണ് ഇടവേള ബാബു. ഇദ്ദേഹം സ്ഥനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.അമ്മയുടെ നേതൃനിരയിൽ 25 വർഷം സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇനി നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു ഒരു മാധ്യമത്തോടു പറഞ്ഞു. ഒരു മാറ്റം അനിവാര്യമാണെന്നും പുതിയ ആളുകൾ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം,ജൂൺ 30ന് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുക.. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്നു മുതൽ പത്രികകൾ സ്വീകരിക്കും. ഭാരവാഹിത്വം ഒഴിയാൻ കഴിഞ്ഞ തവണയും ഇടവേള ബാബു താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മമ്മൂട്ടിയുടെ നിർബന്ധപ്രകാരം അദ്ദേഹം തൽസ്ഥാനത്തു തുടരുകയായിരുന്നു.

ചെന്നൈ: മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനെതിരെ പരാതിയുമായി സംഗീതജ്ഞൻ ഇളയരാജ. പകർപ്പവകാശ ലംഘന പരാതിയാണ് ഇളയരാജ മഞ്ഞുമ്മൽ ബോയ്‌സിനെതിരെ നൽകിയിരിക്കുന്നത്. ബോക്‌സ് ഓഫീസിൽ നിന്നുമാത്രം ചിത്രം 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്.

ചിത്രത്തിൽ’ കൺമണി അൻപോട്’ എന്ന ഗാനം ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് പരാതിയിൽ ഇളയരാജ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വ്യക്തമാക്കി ഇളയരാജ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചു. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലേങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ വിശദമാക്കയിട്ടുണ്ട്.

മണിരത്നത്തിന്റെ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് നടൻ വിവേക് ഒബ്‌റോയി. മണിരത്‌നത്തിന്റെ സംവിധാനത്തിൽ തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു യുവ. തമിഴിൽ ‘ആയുത എഴുത്ത്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്കേറ്റ പരിക്കിനേക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.

സിനിമാ ചിത്രീകരണത്തിനിടെ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടു. ഒരു കാലിൽ മൂന്നിടത്ത് പൊട്ടലുണ്ടായി. അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നത്. തന്റെ കാലിന്റെ അവസ്ഥ കണ്ട് മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവേക് ഒബ്‌റോയി വ്യക്തമാക്കിയത്.

20 വർഷങ്ങൾക്ക് മുൻപായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ അതിഥിയായി അബുദാബിയിലെത്തി തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. യൂസഫലിയുടെ അബുദാബിയിലെ വസതിയിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനത്തും അദ്ദേഹം സന്ദർശനം നടത്തി. രജനിയും യൂസഫലിയും ഒന്നിച്ച് നടത്തിയ കാർ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

രജനികാന്ത് ആദ്യം എത്തിയത് ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്‌സിലാണ്. അവിടെ നിന്നും റോൾസ് റോയ്‌സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി രജനീകാന്തിനെ തന്റെ വീട്ടിലേക്കു കൊണ്ട് പോയത്. ഏറെ നേരം യൂസഫലിയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് രജനികാന്ത് മടങ്ങിയത്.

ടി ജെ ജ്ഞാനവേലിന്റെ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജനികാന്തിന്റെ അടുത്ത ചിത്രം. ബിഗ് ബജറ്റിലൊരുങ്ങുന്ന എന്റർടെയ്നർ വിഭാഗത്തിലുള്ള ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്.

മോഹൻലാൽ നായകനായെത്തുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഇപ്പോൾ തിരുവനന്തപുരത്ത് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്.

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മാസ്സ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഛായാഗ്രണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്.