Entertainment (Page 26)

പത്തനംതിട്ട: മോഹൻലാലിന്റെ 64-ാം ജന്മദിനത്തിന് ലാൽ കെയേർസ് കുവൈത്തിന്റെ ചാരിറ്റി തുക ലാൽ കെയേർസ്സ് കുവൈത്ത് ട്രഷറർ അനീഷ് നായർ നന്ദനയുടെ വീട്ടിലെത്തി കൈമാറി. പ്രസ്തുത ചടങ്ങിൽ നാരങ്ങാനം ഗവ: ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ പിള്ള, സുനിൽകുമാർ ,ബ്ലോക്ക് റിസോഴ്‌സ് സെന്റർ കോർഡിനേറ്റർ ഷിഹാബുദീൻ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രിയ പി നായർ, സബിത ബാലൻ, ഉഷാകുമാരി, സജിനി, സുബി എന്നിവർ പങ്കെടുത്ത് ലാൽ കെയേർസ്സിനോടുള്ള നന്ദി രേഖപ്പെടുത്തുകയും ജന്മദിനാശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

ജന്മനാ അരക്ക് താഴെ തളർന്ന്, ചലനശേഷി നഷ്ടപ്പെട്ട നന്ദന ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു. നാരങ്ങാനം മഠത്തുംപടി കുറിയനേത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ മനോജിന്റെ മകളാണ് നന്ദന. ഹൃദ്രോഗ ബാധയെ തുടർന്ന് ദീർഘകാലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു മനോജ്. കുടുംബത്തെ സഹായിക്കുവാൻ താത്പര്യമുള്ളവർ ലാൽകെയേർസ്സ് ചാരിറ്റി കോഡിനേറ്ററുമായി ബന്ധപ്പെടുക.

തിരുവനന്തപുരം: നടന വിസ്മയം മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. മോഹൻലാലിന് മന്ത്രി പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിൻറെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിൻറെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം..

‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിൻറെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിൻറെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിൻറെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

കമൽഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2 ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 ജൂലൈ 12 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യൻ 2 ൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർഇന്ത്യൻ 2 ൽ പ്രധാന വേഷത്തിൽ എത്തുന്നു.

ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിനിമയെ നിയന്ത്രിക്കുന്നത് പ്രേക്ഷകരാണെന്ന് നടൻ മമ്മൂട്ടി. നല്ല പ്രേക്ഷകർ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവർ നല്ല സിനിമകൾ മാത്രം കാണുമ്പോൾ, സിനിമാപ്രവർത്തകരും നല്ല സിനിമകളുണ്ടാക്കാൻ നിർബന്ധിതരാകുന്നു. പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ മാറുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊള്ളില്ലാത്തത് കാണാതിരിക്കുകയും നല്ലത് മാത്രം കാണുകയും ചെയ്യുമ്പോൾ സ്വാഭാവികമായി സിനിമ മാറും. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാവുകയുള്ളൂ. അതിൽ തർക്കമൊന്നുമില്ല. നമ്മുടെ പ്രേക്ഷകർ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുകയും കാണാൻ വരുകയും ചെയ്യുന്നത് കൊണ്ടാണ് നല്ല സിനിമകളുണ്ടാകുന്നത്. മറ്റു ഭാഷകളിൽ, അവർക്ക് പ്രേക്ഷകരെ അറിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നതെന്നും താരം അറിയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ടർബോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഈ മാസം 23 നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമയിൽ താൻ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കി നടൻ സത്യരാജ്. ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിഷയത്തിൽ വിശദീകരണവുമായി എത്തിയത്.

2017 ൽ സാമൂഹിക പരിഷ്‌ക്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ ജീവിതകഥ ആസ്പദമാക്കി പിഎം നരേന്ദ്ര മോദി എന്ന ചിത്രം ഇറങ്ങിയിരുന്നു. 2019 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിൽ നരേന്ദ്ര മോദിയെ അവതരിപ്പിച്ചത്.

രൺബീർ കപൂറും യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാമായണത്തിന്റെ പ്രധാന അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിൽ രാമനായി യഷും രാവണനായി രൺബീറുമാണ് എത്തുന്നത്. ചിത്രത്തിൽ യഷിനായി വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യഷിനായി നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളാണ്. രാവണൻ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവർണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വർണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും ചിത്രത്തോടനുബന്ധിച്ച വൃത്തങ്ങൾ വിശദമാക്കുന്നു.

ഇന്ത്യയിൽ ഇതുവരെ നിർമ്മിക്കുന്നതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണമെന്ന് റിപ്പോർട്ട്. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഏകദേശം 835 കോടി രൂപ. നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലാണ് ചിത്രത്തിൽ ദശരഥനായെത്തുന്നത്. ബോബി ഡിയോളാണ് കുംഭകർണനായി എത്തുന്നത്. ലാറ ദത്ത കൈകേയിയായി വേഷമിടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ മോദിയായി എത്തുന്നത് തെന്നിന്ത്യൻ താരമായ സത്യരാജായിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പ്രമുഖ ട്രാക്കറായ രമേശ് ബാലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഇത് രണ്ടാം തവണയാണ് ഒരു സിനിമ ഒരുങ്ങുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ജീവിതകഥ ആസ്പദമാക്കി പിഎം നരേന്ദ്ര മോദി എന്ന ചിത്രം ഇറങ്ങിയിരുന്നു. 2019 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വിവേക് ഒബ്റോയ് ആണ് ഈ ചിത്രത്തിൽ നരേന്ദ്ര മോദിയെ അവതരിപ്പിച്ചത്.

യുവനടൻ ഹക്കിം ഷാജഹാനും നടി സനാ അൽത്താഫും വിവാഹിതരായി. രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരങ്ങൾ തന്നെയാണ് വിവാഹ വിവരം ആരാധകരെ അറിയിച്ചത്.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കിം ആദ്യമായി അഭിനയിച്ചത്. രക്ഷാധികാരി ബൈജു, പ്രണയ വിലാസം, കൊത്ത് തുടങ്ങിയ സിനിമകളിലും ഹക്കീം വേഷമിട്ടിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ടിന്റെ ചാർളിയിൽ സഹ സംവിധായകനായും ഹക്കിം പ്രവർത്തിച്ചിരുന്നു.

ദുൽഖർ സൽമാൻ നായകനായെത്തിയ വിക്രമാദിത്യനിലാണ് സന ആദ്യമായി അഭിനയിച്ചത്. വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരിയായാണ് സന വേഷമിട്ടത്. മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും, റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ സിനിമകളിലും സന അഭിനയിച്ചിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രഭാസ്. രാജമൗലി ചിത്രം ബാഹുബലിയിലൂടെയാണ് താരം ശ്രദ്ധനേടിയത്. ‘കൽക്കി 2898 എഡി’യാണ് പ്രഭാസിന്റെ പുതിയ ചിത്രം.. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പഭാസിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാൻ ഒരുങ്ങുന്നു. കാത്തിരിക്കൂ’ എന്നായിരുന്നു പ്രഭാസ് ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയത്. താരം വിവാഹിനാകാൻ പോകുന്നുവെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. താരത്തിന്റെ പുതിയ അപ്‌ഡേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കി 2898 എന്ന ചിത്രം. ദീപിക പദുകോൺ ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കൊച്ചി: താൻ ഇവിടെ നിൽക്കുന്നത് പ്രേക്ഷകരുടെ സ്നേഹത്തിലും ധൈര്യത്തിലുമാണെന്ന് നടൻ മമ്മൂട്ടി. 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടർബോയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ്മീറ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല. സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ല. സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകും. മിഥുൻ മാനുവൽ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ഈ സിനിമയിൽ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാൻ സാധ്യതയുള്ള തട്ടിപ്പ്. നമ്മൾ പലതും അറിയുന്നില്ലെന്നേ ഒള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താനാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.