ഒടിടി റിലീസിനൊരുങ്ങി വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം; റിലീസ് സോണി ലിവിലൂടെ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയ്ക്കുള്ളിലെ സിനിമ ഓർമ്മകളെ കുറിച്ച് പറയുന്ന ചിത്രം തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ജൂൺ ഏഴിനാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. സോണി ലിവിലാണ് ചിത്രം സ്ട്രിം ചെയ്യുന്നത്. ഈ വർഷത്തെ ആദ്യ 50 കോടി ചിത്രങ്ങളിൽ ഇടം നേടിയ സിനിമകളിൽ ഒന്നാണ് വർഷങ്ങൾക്ക് ശേഷം. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.

നിവിൻ പോളി, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.