Entertainment (Page 218)

കിഴക്കമ്പലം: ഇന്ത്യയ്ക്കായി ഒളിംപിക്‌സില്‍ വെങ്കലം നേടിയ മലയാളികളുടെ അഭിമാന ഹോക്കിതാരം പി ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മമ്മൂട്ടിയെ ശ്രീജേഷ് തന്റെ വെങ്കല മെഡല്‍ കാണിച്ചു.

നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്. ഒളിംപിക് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്നായിരുന്നു മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് തമാശ രൂപേണ പറഞ്ഞത്.

കേരളത്തിന്റെ അഭിമാനമായ പി ആര്‍ ശ്രീജേഷിനെ വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചു. 41 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക് മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായതില്‍ ഒരു പ്രധാന പങ്ക് വഹിച്ചയാളാണ് അദ്ദേഹം. ശ്രീജേഷിന് സന്തോഷവും ആരോഗ്യവും വിജയവും എപ്പോഴും ഉണ്ടാവട്ടെയെന്ന് സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

കൊച്ചി: നടൻ മമ്മൂട്ടിയ്ക്ക് ആദരവുമായി ബിജെപി. അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് ബിജെപി മമ്മൂട്ടിയ്ക്ക് ആദരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണനും ഉൾപ്പെടെയുള്ളവർ മമ്മൂട്ടിയുടെ വീട്ടിൽ നേരിട്ടെത്തി അദ്ദേഹത്തെ പൊന്നാട നൽകി ആദരിച്ചു. അദ്ദേഹത്തിന് സംഘം ഓണക്കോടിയും സമ്മാനിച്ചു. ഒരു മണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് ബിജെപി നേടാക്കൾ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തിയത്. ‘മാമാങ്കം’ സിനിമയുടെ നിർമ്മാതാവ് വേണു കുന്നപ്പള്ളിയും മമ്മൂട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നു.

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സംസ്ഥാന സർക്കാരും മമ്മൂട്ടിയെ ആദരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് തനിക്കു വേണ്ടെന്നും തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നുമായിരുന്നു മമ്മൂട്ടി അറിയിച്ചിരുന്നത്.

വെള്ളിത്തിരയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതില്‍ ആദരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വേണ്ടെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി സിനിമാ – സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചിരിക്കുന്നത്.

ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം അറിയിക്കാനായി മന്ത്രി വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ലളിതമായൊരു ചടങ്ങ് സംഘടിപ്പിക്കാമെന്നും, ഇത് സന്തോഷകരമായ സന്ദര്‍ഭമാണെന്നും മന്ത്രി പറഞ്ഞു.

വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ, ചലച്ചിത്ര ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മമ്മൂട്ടിയെന്നും, അതിനാല്‍ തന്നെ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിനു വേണ്ടി പ്രത്യേക പരിപാടി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായിരുന്ന നടി കാവ്യാ മാധവന്‍ കൂറുമാറി. ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് 34-ാം സാക്ഷിയായിരുന്ന കാവ്യ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ കൂറുമാറിയത്.

വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.

കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിനു ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് ഇരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കൂടെ കാവ്യയുമുണ്ടായിരുന്നെന്ന മൊഴിയെ തുടര്‍ന്നായിരുന്നു കാവ്യയെയും സാക്ഷിയാക്കിയത്.

2017ലാണ് കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.

ലഖ്‌നൗ: ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണ കേസുകള്‍ക്ക് പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരെയും കേസ്. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.

വെല്‍നസ് സെന്ററിന്റെ പുതിയ ശാഖ തുടങ്ങുമെന്ന പേരില്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണാണ് ശില്‍പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍.

ശില്‍പയും മാതാവും വഞ്ചിച്ചെന്ന് ആരോപിച്ച് ജ്യോത്സ്ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്‌നൗ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

നടിയെയും അമ്മയെയും ലഖ്‌നൗ പോലീസ് മുംബൈയിലെത്തി ചോദ്യം ചെയ്യും.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കാവ്യ ഹാജരാകുന്നത്. കഴിഞ്ഞ മേയില്‍ കോടതിയില്‍ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. എന്നാല്‍ സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ 300ലധികം സാക്ഷികളാണ് ഉള്ളത്, 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.

തിരുവനന്തപുരം: ക്യാന്‍സറിനോട് പൊരുതി ഒടുവില്‍ നടി ശരണ്യ ശശിയും (35) മരണത്തിന് കീഴടങ്ങി. ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നാലെ, കൊവിഡും ന്യുമോണിയയും കൂടി ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ശരണ്യയെ 2012ലാണ് ട്യൂമര്‍ പിടികൂടുന്നത്. പതിനൊന്ന് തവണയാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

തുടര്‍ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മേയ് 23നാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ജൂണ്‍ 10ന് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയയും ബാധിച്ചു.

എന്നാല്‍, ന്യുമോണിയയില്‍ നിന്നും മുക്തയായി ശരണ്യ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തളര്‍ത്താന്‍ നോക്കിയിട്ടും നിരവധി തവണ ക്യാന്‍സറിനെ കീഴടക്കിയ ശരണ്യയുടെ ജീവിതം പോരാട്ടം നിറഞ്ഞതായിരുന്നു. ‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

മലയാളിയായ തെന്നന്ത്യന്‍ സൂപ്പര്‍ നടി കീര്‍ത്തി സുരേഷ് തെലുങ്കിലെ മെഗാതാരം ചിരഞ്ജീവിയുടെ അനുജത്തിയാകാനൊരുങ്ങുന്നു. മെഹര്‍ രമേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീര്‍ത്തി ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്.

ഒക്ടോബര്‍ അവസാന ആഴ്ചയിലാവും ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും. തെലുങ്കിലെ യുവ സൂപ്പര്‍ താരം മഹേഷ്ബാബുവിന്റെ നായികയായി സര്‍ക്കാരുവാരി പാട്ടയെന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോഴഭിനയിക്കുന്നത്.

മലയാളത്തിലെ നിത്യഹരിത നായികയായി അറിയപ്പെടുന്ന മേനകാ സുരേഷിന്റെ മകള്‍ കൂടിയാണ് കീര്‍ത്തി സുരേഷ്.

അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന ചിത്രത്തോടൊപ്പമാണ് മോഹന്‍ലാല്‍ ആശംസ പങ്കുവെച്ചത്.

‘ഇന്ന് എന്റെ സഹോദരന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം. ആശംസകള്‍ ഇച്ചാക്ക, എന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നന്ദി പ്രിയപ്പെട്ട ലാല്‍ എന്ന മറുപടിയുമായി മമ്മൂട്ടിയെത്തിയതോടെ പോസ്റ്റ് വൈറലായി.

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അമ്പത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.

മലയാള സിനിമാ ലോകത്തിന് എക്കാലത്തേയും ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ബാലചന്ദ്രമേനോന്‍ യുവനിര നായകന്മാരിലൊരാളായ നിവിന്‍ പോളിക്കെതിരെ ആരോപണവുമായി രംഗത്ത്.

നിവിന്‍ പോളിയെ പ്രമുഖ കഥാപാത്രമാക്കി സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും, ആദ്യം ഓക്കെ പറഞ്ഞ നിവിന്‍ പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നു എന്നുമാണ് ബാലചന്ദ്രമേനോന്റെ ആരോപണം.

നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു, പക്ഷേ നിവിന്‍ ഒഴിഞ്ഞു മാറി. പുതിയ തലമുറയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. പുതിയ നടന്മാര്‍ ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കില്‍പ്പെട്ടു പോയതാകാം നിവിന്‍ പോളിയും അതുകൊണ്ടാകാം അങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

മാത്രമല്ല, ‘യു ആര്‍ ഇന്‍ ദി ക്യൂ’ എന്ന് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരാളാണ് താനെന്നും, ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് ബുദ്ധിമുട്ടാണെന്നും, സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിന്‍, അയക്കുന്ന മെസേജുകള്‍ക്കൊന്നും മറുപടി തരാതെ ഒഴിഞ്ഞു മാറിയതായും ബാലചന്ദ്ര മേനാന്‍ ചൂണ്ടിക്കാട്ടുന്നു.