കോടികളുടെ വെട്ടിപ്പ്; ശില്‍പ ഷെട്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു !

ലഖ്‌നൗ: ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണ കേസുകള്‍ക്ക് പിന്നാലെ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരെയും കേസ്. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.

വെല്‍നസ് സെന്ററിന്റെ പുതിയ ശാഖ തുടങ്ങുമെന്ന പേരില്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണാണ് ശില്‍പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍.

ശില്‍പയും മാതാവും വഞ്ചിച്ചെന്ന് ആരോപിച്ച് ജ്യോത്സ്ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്‌നൗ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

നടിയെയും അമ്മയെയും ലഖ്‌നൗ പോലീസ് മുംബൈയിലെത്തി ചോദ്യം ചെയ്യും.