തിരുവനന്തപുരം: ക്യാന്‍സറിനോട് പൊരുതി ഒടുവില്‍ നടി ശരണ്യ ശശിയും (35) മരണത്തിന് കീഴടങ്ങി. ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നാലെ, കൊവിഡും ന്യുമോണിയയും കൂടി ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ശരണ്യയെ 2012ലാണ് ട്യൂമര്‍ പിടികൂടുന്നത്. പതിനൊന്ന് തവണയാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
തുടര്‍ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മേയ് 23നാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ജൂണ്‍ 10ന് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയയും ബാധിച്ചു.
എന്നാല്‍, ന്യുമോണിയയില്‍ നിന്നും മുക്തയായി ശരണ്യ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തളര്‍ത്താന്‍ നോക്കിയിട്ടും നിരവധി തവണ ക്യാന്‍സറിനെ കീഴടക്കിയ ശരണ്യയുടെ ജീവിതം പോരാട്ടം നിറഞ്ഞതായിരുന്നു. ‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

