ചിരഞ്ജീവിയുടെ ആക്ഷന്‍ രംഗങ്ങള്‍ ആദ്യം; ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ബ്‌ളോക്ക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്.

ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമേ തുടര്‍ സീനുകള്‍ ചിത്രീകരിക്കുകയുള്ളൂ. ലൂസിഫറിന്റെ സംഘട്ടനം സംവിധാനം ചെയ്ത സില്‍വയാണ് തെലുങ്ക് പതിപ്പിന്റെയും ആക്ഷന്‍ മാസ്റ്റര്‍.

ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ്ഷ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എന്‍. തമന്‍ സംഗീതം ഒരുക്കുന്നു. ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യദേവ് ആണ് മറ്റൊരു പ്രധാന താരം. ചിരഞ്ജീവിയുടെ 153-ാം ചിത്രമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.