ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല, ‘ഈശോ’യ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയ്ക്കു പ്രദര്‍ശന അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല എന്നു ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സിനിമയുടെ പേര് മതവികാരം വൃണപ്പെടുത്തുന്നതാണെന്നാരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യന് അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍, സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. ‘ഈശോ – ബൈബിളുമായി ബന്ധമില്ലാത്തത് ‘ എന്ന് ചിത്രത്തിന്റെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അതിനാല്‍തന്നെ ഹര്‍ജി നിലനില്ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സിനിമയ്‌ക്കെതിരെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയെങ്കിലും വിവാദത്തെ എതിര്‍ത്തു ക്രൈസ്തവ വൈദികര്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്ന നിലപാടായിരുന്നു സംവിധായകന്‍ നാദിര്‍ഷയും സ്വീകരിച്ചത്.