Entertainment (Page 214)

സൂപ്പര്‍താരം രാം ചരണിനെ നായകനാക്കി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലേക്ക് യുവതാരം ഫഹദ് ഫാസിലിനെ ക്ഷണിച്ച് ഷങ്കര്‍. മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച പല ചിത്രങ്ങളും ഷങ്കര്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട സംവിധായകന്‍ പുതിയ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്ക് ഫഹദിനെ ആലോചിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

അല്ലു അര്‍ജുന്‍ ചിത്രമായ ‘പുഷ്പ’യിലേതുപോലെ പ്രതിനായക വേഷത്തിലേക്കാണ് ഷങ്കര്‍ ഫഹദിനെ ആലോചിക്കുന്നത്. അതേസമയം ഷങ്കറിന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ പ്രകടനത്തിന് സാധ്യതയുള്ള മികച്ച പാത്രസൃഷ്ടി ആയിരിക്കും ഈ വില്ലന്‍ കഥാപാത്രം. നായകനോളം പ്രാധാന്യമുള്ള ഈ കഥാപാത്രം ഫഹദിനു മുന്നില്‍ അവതരിപ്പിച്ചെന്നും, അദ്ദേഹത്തിന് കഥാപാത്രത്തെ ഇഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഫഹദ് അന്തിമ മറുപടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. ഹൈദരാബാദില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സെറ്റില്‍ ഈ മാസം എട്ടിന് ചിത്രീകരണം ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി: വാരിയം കുന്നന്‍ സിനിമ ചെയ്യുന്നതില്‍ നിന്നും പിന്മാറി സംവിധായകന്‍ ഒമര്‍ ലുലു. ‘1921’ ചിത്രത്തില്‍ പറഞ്ഞട്ടുള്ളതില്‍ കൂടുതല്‍ വാരിയംകുന്നനെപ്പറ്റി ഇനി ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും ചിത്രം ചെയ്യാമെന്ന വാക്കുകളില്‍ നിന്ന് പിന്മാറുന്നതായും തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഒമര്‍ ലുലു പ്രഖ്യാപിച്ചത്.

നടന്‍ പൃഥ്വിരാജ് സംവധായകന്‍ ആഷിഖ് അബു എന്നിവര്‍ വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു.

നേരത്തെ, 15 കോടി രൂപ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാവ് രംഗത്ത് വന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നാണ് ഒമര്‍ ലുലു പറഞ്ഞത്.

എന്നാല്‍ ചിത്രം നിര്‍മ്മിക്കാന്‍ ഒരാള്‍ തയാറായതിനെ തുടര്‍ന്ന് ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശി സാര്‍ സംവിധാനം ചെയ്ത ‘1921’ എന്ന സിനിമാ വീണ്ടും കണ്ടുവെന്നും, അപ്പോള്‍ ഇനി മറ്റൊരു വാരിയം കുന്നന്റെ ആവശ്യമില്ലെന്ന് മനസ്സിലായതായും ഒമര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല. ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘1921’ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി.

ഡല്‍ഹി: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തത് ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഒരുവിഭാഗം ആഘോഷിക്കുന്നത് അപകടമാണെന്ന് ബോളിവുഡ് നടന്‍ നസ്റുദ്ദീന്‍ ഷാ.

ഇന്ത്യന്‍ മുസ്ലീങ്ങളിലെ ചില വിഭാഗങ്ങള്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് ആഘോഷിക്കുന്നുണ്ടെന്നും ഈ പ്രവണത അപകടകരമാണെന്നും അദ്ദേഹം വീഡിയോയിലൂടെയാണ് തുറന്നുപറഞ്ഞത്.

ആര്‍ജെ സയേമയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുമ്പോള്‍ താലിബാന്‍ ഭീകരരെ ഇന്ത്യന്‍ മുസ്ലീങ്ങളിലെ ചില വിഭാഗങ്ങള്‍ ആഘോഷിക്കുന്നത് അപകടകരമാണ്.

ഇന്ത്യയിലെ ഇസ്ലാമും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആചരിക്കുന്ന ഇസ്ലാമും വ്യത്യാസമുണ്ടെന്നും, നമുക്ക് തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അത് മാറുന്ന ഒരു കാലം ദൈവം ഉണ്ടാക്കാതിരിക്കട്ടെയെന്നും നസ്റുദ്ദീന്‍ ഷാ അഭിപ്രായപ്പെട്ടു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ കാര്യത്തിലും സൂപ്പര്‍സ്റ്റാര്‍ തന്നെ. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലാണ് താരം പുതിയ റെക്കാഡിട്ടിരിക്കുന്നത്.

13 മില്യണ്‍ (ഒരുകോടി മുപ്പത് ലക്ഷം) പേരാണ് അല്ലുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍. തെലുങ്ക് യുവ താരമായ വിജയ് ദേവര്‍ കൊണ്ടേയാണ് അല്ലുവിന്റെ പിന്നില്‍.

പുഷ്പയാണ് അല്ലുവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളി തരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകനായെത്തുന്നത്. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യുന്ന പുഷ്പ തെലുങ്കിന് പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്. ക്രിസ്മസിന് പുഷ്പയുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും.

അല്ലുവിനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടം സെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ റയര്‍ നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ്. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.

തിരുവനന്തപുരം: ഇപ്പോഴത്തെ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാനാവില്ലെന്ന് 2020 കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറികള്‍. നിലവാരം കുറവാണെന്നും, സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡുകള്‍ നിഷേധിച്ചിരിക്കുന്നത്. ജൂറികളുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരമില്ലെന്നും ജൂറികള്‍ അറിയിച്ചു.

മാത്രമല്ല, സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണിക്കുന്നതില്‍ ജൂറി കടുത്ത ആശങ്കയും രേഖപ്പെടുത്തി. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും ജൂറി അഭിപ്രായപ്പെട്ടു.

മാത്രമല്ല, മറ്റു വിഭാഗങ്ങളിലെ എന്‍ട്രികളുടെ നിലവാരത്തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നുവെന്നും, നിലവാരമില്ലാത്ത എന്‍ട്രികള്‍ നിരവധി വരുന്നതിനാല്‍ ഒരു പ്രിലിമിനറി സ്‌ക്രീനിംഗ് കമ്മറ്റി അത്യാവശ്യമാണെന്നും ജൂറി ശുപാര്‍ശ ചെയ്തു.

കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത വിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി അറിയിച്ചു. കഥാവിഭാഗത്തില്‍ ആകെ 39 എന്‍ട്രികളാണ് സമര്‍പ്പിക്കപ്പെട്ടത്. ടെലിസീരിയല്‍ വിഭാഗത്തില്‍ 6 ഉം ടെലിഫിലിം വിഭാഗത്തില്‍ 14 ഉം ടി.വി.ഷോ എന്റര്‍ടെയ്ന്‍മെന്റ വിഭാഗത്തില്‍ 11 കോമഡി പ്രോഗ്രാം വിഭാഗത്തില്‍ 8 എന്‍ട്രികളാണ് സമര്‍പ്പിച്ചത്.

കഥേതര വിഭാഗത്തിലെ എന്‍ട്രികളെയും ജൂറി വിമര്‍ശിച്ചു. അടച്ചിടല്‍ കാലത്ത് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിന്റെ സകല പരിമിതികളും എന്‍ട്രികളില്‍ ഉണ്ടായിരുന്നു. അതേസമയം വലിയൊരു രോഗപ്പകര്‍ച്ചയുടെ കാലത്തെ ഇച്ഛാശക്തിയോടെ അഭിമുഖീകരിക്കാന്‍ വാര്‍ത്താ വാര്‍ത്തേതര മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കേരള സമൂഹത്തിന്റെ സമകാലിക ജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ഇടപെടല്‍ സ്വഭാവമുള്ള ഡോക്യുമെന്ററികള്‍ തയ്യാറാക്കാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല.

വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാരൂപങ്ങള്‍, ബയോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ഡോക്യുമെന്ററി സംവിധായകര്‍ താല്‍പ്പര്യം കാണിക്കുന്നത് ഉചിതമല്ല. വാര്‍ത്താബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്ത സ്റ്റോറികളിലെ ബൈറ്റുകള്‍ വിപുലീകരിച്ച് ഡോക്യുമെന്ററികളുടെ ലേബലില്‍ അയയ്ക്കുന്നത് ആശാസ്യമല്ലെന്നും ജൂറി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വൈവിധ്യവും നിലവാരവുമുള്ള കലാസൃഷ്ടികളെ ആകര്‍ഷിക്കുന്നതിനുവേണ്ടി സിനിമയൊഴികെയുള്ള മുഴുവന്‍ ദൃശ്യാവിഷ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് സിനിമേതരവിഭാഗം അവാര്‍ഡ് എന്ന നിലയില്‍ ടെലിവിഷന്‍ പുരസ്‌കാരം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. നവമാധ്യമ സൃഷ്ടികള്‍, വെബ് സീരീസുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, പരസ്യചിത്രങ്ങള്‍ എന്നിവയും നിശ്ചിത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി പുരസ്‌കാരത്തിന് പരിഗണിക്കാമെന്നും പുരസ്‌കാര തുക ഉയര്‍ത്തണമെന്നും ശുപാര്‍ശ ഉണ്ട്.

അതേസമയം, ശുപാര്‍ശകള്‍ ഗൗരവമായാണ് കാണുന്നതെന്നും, സമഗ്രമായി പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും, ചാനലുകളുമായി ചര്‍ച്ചകള്‍ നടത്തി ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എല്ലാ കാറ്റഗറികളിലെയും അവാര്‍ഡ് തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വിരാജും, ആഷിക് അബുവും കനത്ത സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ മുന്നോട്ടുള്ള പോക്ക് അവതാളത്തിലായിരുന്നു. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിക്കുന്നത്.

നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയായതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.

മുംബൈ: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക്. ഒടിയന് ശേഷം വി.ആര്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്.

മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രത്തില്‍ ഖലാസിയുടെ വേഷമാണ് മോഹന്‍ലാലിന്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് വിവരം. 2001-ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രണ്‍ദീപ് ഹൂഡയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.

താരനിര്‍ണയം പൂര്‍ത്തിയായിവരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ രണ്ടാം വാരം ആരംഭിക്കാനാണ് നീക്കം. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ബ്രേക്ക് ചെയ്യുന്ന ചിത്രം സെപ്തംബര്‍ അവസാനവാരത്തോടെ വീണ്ടും തുടങ്ങും. ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരായിരിക്കും ചിത്രത്തിന്റെ അണിയറയില്‍.

ഹൈദരാബാദില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പൂര്‍ത്തിയാക്കിയശേഷം മോഹന്‍ലാല്‍ സെപ്തംബര്‍ ആറ് മുതല്‍ ഇടുക്കി കുളമാവില്‍ ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന 12th MAN എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഈ ചിത്രം പൂര്‍ത്തിയാക്കിയശേഷമാണ് മോഹന്‍ലാല്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുക.

പണ്ടകശാലകളിലും കപ്പല്‍ നിര്‍മ്മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന കരുത്തരായ മനുഷ്യരെയാണ് ഖലാസികളെന്ന് വിളിക്കുന്നത്. ഖലാസിയെന്നത് അറബി വാക്കാണ്. കടലില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി കപ്പലുകള്‍ തീരത്തേക്കടുപ്പിക്കുന്നതും തിരിച്ച് ഉള്‍ക്കടലിലെത്തിക്കുന്നതുമാണ് ഖലാസികളുടെ പ്രധാന ജോലി. മാപ്പിള ഖലാസികളുടെ വീരേതിഹാസ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്തംബറിലാണ് വി.എ. ശ്രീകുമാര്‍ മേനോന്‍ അനൗണ്‍സ് ചെയ്തത്.

2002-ല്‍ രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.

മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡിന്റെ വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്ന സര്‍വീസില്‍ നിന്ന് മാറ്റി. മുംബൈ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെയാണ് സുരക്ഷാ സംഘത്തില്‍ നിന്നു സൗത്ത് മുബൈ സ്റ്റേഷനിലേക്കു മാറ്റിയത്.

വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡാണ് ജിതേന്ദ്ര സിന്ദ്. അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നതിന് പിന്നാലെ മുംബൈ പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മറ്റെവിടെ നിന്നെങ്കിലും ഇയാള്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.

നടന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികള്‍ക്കു സുരക്ഷാ ഗാര്‍ഡുകളെ നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതില്‍നിന്നാണെന്നും ഇയാള്‍ മൊഴി നല്‍കിയതായാണു വിവരം.

പോലീസ് കോണ്‍സ്റ്റബിള്‍ പദവിയില്‍ ബോഡിഗാര്‍ഡായി തുടരുന്നത് പരമാവധി അഞ്ചുവര്‍ഷമാണെന്ന് മുംബൈ പോലീസ് പറയുന്നു. എന്നാല്‍ ജിതേന്ദ്ര സിന്ദ് 2015 മുതല്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്.

എക്സ് സെക്യൂരിറ്റി സുരക്ഷയാണ് അമിതാഭ് ബച്ചന് നല്‍കിവരുന്നത്. രണ്ട് അംഗരക്ഷകര്‍ എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടാകും. ബച്ചന്റെ വിശ്വസ്തനായ ബോഡിഗാര്‍ഡായിരുന്നു ജിതേന്ദ്ര സിന്ദ്.

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം തട്ടിയന്നെ് പരാതി. ഉണ്ണിമുകുന്ദനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.

നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ സംഘത്തിന്റെ വലയില്‍ വീണിട്ടുണ്ടെന്നാണ് തട്ടിപ്പിന് ഇരയായവരില്‍ ഒരാളായ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിയായ നളിനി വ്യക്തമാക്കുന്നത്. നളിനിയില്‍ നിന്നും ഈ സംഘം 25000 രൂപയാണ് വാങ്ങിച്ചത്.

തട്ടിപ്പിന് ഇരയായ മറ്റ് ഒന്‍പത് പേര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം മെല്ലെപ്പോക്കിലാണെന്നും നളിനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ദേശ് കാ മെന്റര്‍’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം സോനു സൂദ്.

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അടുത്ത മാസം ആരംഭിക്കുന്ന പദ്ധതിയാണിത്. കേജ്രിവാളും സോനുവും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ഇത് അതിലും വലിയ കാര്യമാണ്, ജനങ്ങള്‍ എപ്പോഴും പറയും നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന്, അത് അദ്ഭുതകരമായ മേഖലയാണ്, പക്ഷെ, ഞങ്ങള്‍ അക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും സോനു വ്യക്തമാക്കി.

അതേസമയം, സോനു രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണെന്നും, രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ആള്‍ ആപത്തില്‍പെട്ടാലും സോനു അയാളെ ബന്ധപ്പെട്ട് വേണ്ട സഹായം എത്തിക്കുന്ന വ്യക്തിയാണെന്നും കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.