ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ ബോളിവുഡില്‍ !

മുംബൈ: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക്. ഒടിയന് ശേഷം വി.ആര്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്.

മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രത്തില്‍ ഖലാസിയുടെ വേഷമാണ് മോഹന്‍ലാലിന്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് വിവരം. 2001-ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രണ്‍ദീപ് ഹൂഡയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.

താരനിര്‍ണയം പൂര്‍ത്തിയായിവരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ രണ്ടാം വാരം ആരംഭിക്കാനാണ് നീക്കം. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ബ്രേക്ക് ചെയ്യുന്ന ചിത്രം സെപ്തംബര്‍ അവസാനവാരത്തോടെ വീണ്ടും തുടങ്ങും. ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരായിരിക്കും ചിത്രത്തിന്റെ അണിയറയില്‍.

ഹൈദരാബാദില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പൂര്‍ത്തിയാക്കിയശേഷം മോഹന്‍ലാല്‍ സെപ്തംബര്‍ ആറ് മുതല്‍ ഇടുക്കി കുളമാവില്‍ ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന 12th MAN എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഈ ചിത്രം പൂര്‍ത്തിയാക്കിയശേഷമാണ് മോഹന്‍ലാല്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുക.

പണ്ടകശാലകളിലും കപ്പല്‍ നിര്‍മ്മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന കരുത്തരായ മനുഷ്യരെയാണ് ഖലാസികളെന്ന് വിളിക്കുന്നത്. ഖലാസിയെന്നത് അറബി വാക്കാണ്. കടലില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി കപ്പലുകള്‍ തീരത്തേക്കടുപ്പിക്കുന്നതും തിരിച്ച് ഉള്‍ക്കടലിലെത്തിക്കുന്നതുമാണ് ഖലാസികളുടെ പ്രധാന ജോലി. മാപ്പിള ഖലാസികളുടെ വീരേതിഹാസ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്തംബറിലാണ് വി.എ. ശ്രീകുമാര്‍ മേനോന്‍ അനൗണ്‍സ് ചെയ്തത്.

2002-ല്‍ രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.