മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡിന്റെ വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്ന സര്‍വീസില്‍ നിന്ന് മാറ്റി. മുംബൈ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെയാണ് സുരക്ഷാ സംഘത്തില്‍ നിന്നു സൗത്ത് മുബൈ സ്റ്റേഷനിലേക്കു മാറ്റിയത്.
വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡാണ് ജിതേന്ദ്ര സിന്ദ്. അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നതിന് പിന്നാലെ മുംബൈ പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മറ്റെവിടെ നിന്നെങ്കിലും ഇയാള്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.
നടന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികള്‍ക്കു സുരക്ഷാ ഗാര്‍ഡുകളെ നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതില്‍നിന്നാണെന്നും ഇയാള്‍ മൊഴി നല്‍കിയതായാണു വിവരം.
പോലീസ് കോണ്‍സ്റ്റബിള്‍ പദവിയില്‍ ബോഡിഗാര്‍ഡായി തുടരുന്നത് പരമാവധി അഞ്ചുവര്‍ഷമാണെന്ന് മുംബൈ പോലീസ് പറയുന്നു. എന്നാല്‍ ജിതേന്ദ്ര സിന്ദ് 2015 മുതല്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്.
എക്സ് സെക്യൂരിറ്റി സുരക്ഷയാണ് അമിതാഭ് ബച്ചന് നല്‍കിവരുന്നത്. രണ്ട് അംഗരക്ഷകര്‍ എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടാകും. ബച്ചന്റെ വിശ്വസ്തനായ ബോഡിഗാര്‍ഡായിരുന്നു ജിതേന്ദ്ര സിന്ദ്.

