കൊച്ചി: വാരിയം കുന്നന്‍ സിനിമ ചെയ്യുന്നതില്‍ നിന്നും പിന്മാറി സംവിധായകന്‍ ഒമര്‍ ലുലു. ‘1921’ ചിത്രത്തില്‍ പറഞ്ഞട്ടുള്ളതില്‍ കൂടുതല്‍ വാരിയംകുന്നനെപ്പറ്റി ഇനി ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും ചിത്രം ചെയ്യാമെന്ന വാക്കുകളില്‍ നിന്ന് പിന്മാറുന്നതായും തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഒമര്‍ ലുലു പ്രഖ്യാപിച്ചത്.
നടന്‍ പൃഥ്വിരാജ് സംവധായകന്‍ ആഷിഖ് അബു എന്നിവര്‍ വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു.
നേരത്തെ, 15 കോടി രൂപ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാവ് രംഗത്ത് വന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നാണ് ഒമര്‍ ലുലു പറഞ്ഞത്.
എന്നാല്‍ ചിത്രം നിര്‍മ്മിക്കാന്‍ ഒരാള്‍ തയാറായതിനെ തുടര്‍ന്ന് ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശി സാര്‍ സംവിധാനം ചെയ്ത ‘1921’ എന്ന സിനിമാ വീണ്ടും കണ്ടുവെന്നും, അപ്പോള്‍ ഇനി മറ്റൊരു വാരിയം കുന്നന്റെ ആവശ്യമില്ലെന്ന് മനസ്സിലായതായും ഒമര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല. ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘1921’ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി.

