ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ലാസിക് ചിത്രം ഷോഷാംഗ് റിഡംപ്ഷനെ കടത്തി വെട്ടി മുന്നേറുകയാണ് തമിഴ് ചിത്രമായ ജയ് ഭീം. 9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. 9.3 ആണ് ഷോഷാംഗ് റിഡംപ്ഷന് ലഭിച്ച വോട്ട്. കൃത്യമായി പറഞ്ഞാല്‍ 24 ലക്ഷം പ്രേക്ഷകവോട്ട് ഷോഷാംഗിന് ലഭിച്ചപ്പോള്‍, 24000 അധികം പ്രേക്ഷക പിന്തുണ ജയ് ഭീം സ്വന്തമാക്കി.
പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ് ചിത്രം. സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്.
ആദിവാസി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ഒരു അഭിഭാഷകന്‍ നടത്തുന്ന നിയമ പോരാട്ടത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മോഷണ കുറ്റം ആരോപിച്ച് അറസ്റ്റിലായി ജയിലില്‍ വെച്ച് കാണാതാവുന്ന ഒരാളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ജ്യോതികയാണ്.

