സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മലയാളി പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ചില ഫ്രെയിമുകള്‍ വീണ്ടും കാണാനും ആസ്വദിക്കാനുമാണ് ടൂറിസം വകുപ്പ് അവസരം നല്‍കുന്നത്.
കിരീടത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ച തിരുവനന്തപുരം വെള്ളായണിയിലെ പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച കാസര്‍ഗോട്ടെ ബേക്കല്‍ കോട്ട തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാസ്വാദകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഗൃഹാതുര ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം ലൊക്കേഷനുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സിനിമാ പ്രവര്‍ത്തകരെയും സഹകരിപ്പിച്ചുകൊണ്ട് ഈ പദ്ധതി കൂടുതല്‍ മികവുറ്റതാക്കാവുന്നതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

