Entertainment (Page 197)

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി താന്‍ സിനിമ പുറത്തിറക്കിയാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്ക് പേജില്‍ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് ഒമര്‍ ലുലു ഇങ്ങനെ ഒരു അവകാശവാദം ഉയര്‍ത്തിയത്.

നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഒമര്‍ ലുലുവിന്റെ ഈ പ്രതികരണം. ഞങ്ങളൊന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും എന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ പറ്റിയെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കളക്റ്റ് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധായക കുപ്പായം അണിയുന്നത്. പിന്നീട് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തെങ്കിലും തിയേറ്ററുകളില്‍ സാമ്പത്തിക വിജയം നേടാനായില്ല.

മരക്കാറിന്റെ മാരത്തോണ്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ച് തിരുവനന്തപുരം ഏരീസ് തിയേറ്റര്‍. ആറു സ്‌ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹന്‍ റോയ് വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12.1ന് തുടങ്ങുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11.59നാണ് അവസാനിക്കുകയുള്ളൂ.

ആദ്യമായാണ് ഒരു സിനിമക്കായി തിയേറ്ററിലെ എല്ലാ സ്‌ക്രീനുകളും മാറ്റിവെക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബാഹുബലി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയത് ഏരീസിലായിരുന്നു. മൂന്നുകോടി രൂപയാണ് ഈ തിയറ്റര്‍ സമുച്ചയത്തില്‍ നിന്നുമാത്രം ലഭിച്ചത്. മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ത്താണ് ഏരീസിലെ മരക്കാറിന്റെ പ്രദര്‍ശനം.

അതേസമയം, മരക്കാര്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയേ റ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 12:01ന് ആണ് ആദ്യ ഷോ തുടങ്ങുന്നത്. സ്‌ക്രീനുകളും പ്രദര്‍ശന സമയവും ഇങ്ങനെ:

Audi 1 – 12.01 AM, 03.45 AM, 07.30 AM, 11.30 AM, 03.30 PM, 07.30 PM, 11.30 PM

Audi 2, 3, 4, 5 & 6 – 12.30 AM, 04.15 AM, 08.00 AM, 12.00 AM, 04.00 PM, 08.00 PM, 11.59 PM

ആസിഫ് അലിയെ നായകനാക്കി അവതാരകനും ആര്‍. ജെയുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കുഞ്ഞെല്‍ദൊ. ചിത്രം ഡിസംബര്‍ 24ന് റിലീസിന് എത്തും.

മാത്തുക്കുട്ടി തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ഉണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഷാന്‍ റഹ്മാനാണ് സംഗീതം. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. വിനീത് ശ്രീനിവാസനും മെറിനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഒടിടി റിലീസുകളും സിനിമകളും ഒരുമിച്ചു പോകണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കി ഫെഫ്ക. ഒടിടി ചിത്രങ്ങള്‍ക്കു എതിരല്ലെന്നും തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്തരം ചിത്രങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

തിയേറ്ററുകള്‍ക്കായി എടുത്ത ചിത്രങ്ങള്‍ തിയേറ്ററിലും അല്ലാത്തവ ഒടിടിയിലും പ്രദര്‍ശിപ്പിക്കണം. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ ജോലി സാധ്യതയാണു ഒടിടി വഴിയുണ്ടാകുന്നത്. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ അവക്കൊപ്പം മുന്നോട്ടു പോകാനാണു ശ്രമിക്കേണ്ടത്. ടെലിവിഷന്‍ വന്നപ്പോള്‍ സിനിമയെ ബാധിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും രണ്ടും ഒരുമിച്ചു പോകുന്നതാണു പിന്നീടു കണ്ടതെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ വേതന കരാര്‍ കോവിഡ് സാഹചര്യം കണക്കിലെടുത്തു 6 മാസത്തേക്കു കൂടി നീട്ടി. ഡിസംബറില്‍ പുതുക്കേണ്ട കരാറാണു നീട്ടിയത്. ഫെഫ്കയുടെ 19 യൂണിയനുകളിലും വനിതകള്‍ക്കു ജോലി ചെയ്യാമെന്നും വനിതകള്‍ക്കു ലഭ്യമായ ജോലികളെ കുറിച്ചു ബോധവല്‍ക്കരണം നടത്താന്‍ വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നു എറണാകുളത്തു ക്യാംപ് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

നിവിന്‍ പോളി നായകനാവുന്ന ‘കനകം കാമിനി കലഹം’ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹോട്ട്‌സ്റ്റാറിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമയാണ് ‘കനകം കാമിനി കലഹം’. നിവിന്‍ പോളിക്കൊപ്പം വിനയ് ഫോര്‍ട്ടും, ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘കനകം കാമിനി കലഹ’മെന്ന് പ്രേക്ഷകര്‍ പറയുന്നു. തിയേറ്ററുകളില്‍ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിന്‍ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേര്‍ത്തു വെക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറുമെന്നും പ്രേക്ഷകര്‍ അവകാശപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോര്‍ട്ടില്‍ എത്തുന്ന ദമ്പതികളും അവിടെ അവര്‍ക്ക് സംഭവിക്കുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നര്‍മ്മത്തില്‍ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഇത്. മികച്ച ഛായാഗ്രണവും സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സ് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്, ജഫാര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, സുധീര്‍ പറവൂര്‍ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ഡിസ്‌നിയുടെ വാര്‍ഷിക ദിനമായ (ഡിസ്‌നി ഡേ) നവംബര്‍ 12ന് അര്‍ദ്ധരാത്രി 12 മണിക്കാണ് സിനിമ റിലീസ് ചെയ്തത്.

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ജീത്തു ജോസഫിന്റെ ഹിറ്റ് മലയാളം ചിത്രമായ ‘ദൃശ്യം 2’ന്റെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷ് ദഗ്ഗുബാട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തെലുങ്ക് ദൃശ്യം 2 നവംബര്‍ 25 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെങ്കിടേഷ് നായകനായ ദൃശ്യം 2, ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്, സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍ തിയറ്റേഴ്‌സ്, മാക്‌സ് മൂവീസ് എന്നിവയുടെ പിന്തുണയോടെ ദഗ്ഗുബാട്ടി സുരേഷ് ബാബു, രാജ്കുമാര്‍ സേതുപതി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വെങ്കിടേഷിന്റെ ഭാര്യയായി മീന തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കൃതിക, എസ്തര്‍ അനില്‍, സമ്പത്ത് രാജ്, പൂര്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

സിനിമാ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാര്‍ത്ത വന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രം ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് റിലീസിംഗ് തിയ്യതി തീരുമായത്. ഉപാധികളില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടും. തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ എത്തുക. മോഹന്‍ലാല്‍ നായകനായി എത്തുന്ന മരക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശന്‍ ആണ്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ നവംബര്‍ 19ന് സോണി ലൈവില്‍ റിലീസ് ചെയ്യും. നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

മയിലാടും പറമ്പില്‍ ജോയ് എന്നയാളെ തിരഞ്ഞ് വനത്തിലേക്ക് പോകുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ‘ചുരുളി’. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് എസ്. ഹരീഷാണ്.

ലിജോ ജോസ് പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരി്കകുന്നത്. ജോജു, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പതിനാലാമത് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ ഇടം നേടി. മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് ‘അന്തരം’. ഇന്ത്യക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ജയ്പൂര്‍ ഫെസ്റ്റിവലില്‍(ജെഐഎഫ്എഫ് 2022) പ്രദര്‍ശനത്തിനുണ്ട്.

ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ‘അന്തരം’ ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ. ശോഭില എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ഷാനവാസ് എം. എ ആണ്. കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്‌സും ചിത്രത്തില്‍ പറയുന്നു. എ.മുഹമ്മദാണ് ഛായാഗ്രാഹകന്‍.

കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ ഫോട്ടോ ജേര്‍ണലിസ്റ്റാണ് അഭിജിത്ത്.

വര്‍ഷങ്ങളായി നമ്മുടെയൊക്കെ മനസ്സില്‍ ദുരൂഹതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ കുറുപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

‘നിങ്ങള്‍ ഓരോരുത്തരുടെയും സ്നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.

കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.

ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,’ ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൊവിഡിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ സൂപ്പര്‍ താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തില്‍ കുറുപ്പായി എത്തുന്ന ദുല്‍ഖര്‍ പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സുകുമാര കുറുപ്പിനെ തിരശീലയില്‍ കണ്ടതോടെ ആരാധകര്‍ കരഘോഷം മുഴക്കി. ഇതോടെ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി മാറിക്കഴിഞ്ഞിരിക്കുകയാണ് കുറുപ്പ്.