തിയേറ്ററില്‍ ദുല്‍ഖര്‍, ഒടിടിയില്‍ നിവിന്‍!

നിവിന്‍ പോളി നായകനാവുന്ന ‘കനകം കാമിനി കലഹം’ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹോട്ട്‌സ്റ്റാറിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമയാണ് ‘കനകം കാമിനി കലഹം’. നിവിന്‍ പോളിക്കൊപ്പം വിനയ് ഫോര്‍ട്ടും, ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘കനകം കാമിനി കലഹ’മെന്ന് പ്രേക്ഷകര്‍ പറയുന്നു. തിയേറ്ററുകളില്‍ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിന്‍ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേര്‍ത്തു വെക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറുമെന്നും പ്രേക്ഷകര്‍ അവകാശപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോര്‍ട്ടില്‍ എത്തുന്ന ദമ്പതികളും അവിടെ അവര്‍ക്ക് സംഭവിക്കുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നര്‍മ്മത്തില്‍ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഇത്. മികച്ച ഛായാഗ്രണവും സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സ് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്, ജഫാര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, സുധീര്‍ പറവൂര്‍ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ഡിസ്‌നിയുടെ വാര്‍ഷിക ദിനമായ (ഡിസ്‌നി ഡേ) നവംബര്‍ 12ന് അര്‍ദ്ധരാത്രി 12 മണിക്കാണ് സിനിമ റിലീസ് ചെയ്തത്.