ഒടിടി ചിത്രങ്ങള്‍ക്ക് എതിരല്ല; നിലപാട് വ്യക്തമാക്കി ഫെഫ്ക

ഒടിടി റിലീസുകളും സിനിമകളും ഒരുമിച്ചു പോകണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കി ഫെഫ്ക. ഒടിടി ചിത്രങ്ങള്‍ക്കു എതിരല്ലെന്നും തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്തരം ചിത്രങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

തിയേറ്ററുകള്‍ക്കായി എടുത്ത ചിത്രങ്ങള്‍ തിയേറ്ററിലും അല്ലാത്തവ ഒടിടിയിലും പ്രദര്‍ശിപ്പിക്കണം. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ ജോലി സാധ്യതയാണു ഒടിടി വഴിയുണ്ടാകുന്നത്. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ അവക്കൊപ്പം മുന്നോട്ടു പോകാനാണു ശ്രമിക്കേണ്ടത്. ടെലിവിഷന്‍ വന്നപ്പോള്‍ സിനിമയെ ബാധിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും രണ്ടും ഒരുമിച്ചു പോകുന്നതാണു പിന്നീടു കണ്ടതെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ വേതന കരാര്‍ കോവിഡ് സാഹചര്യം കണക്കിലെടുത്തു 6 മാസത്തേക്കു കൂടി നീട്ടി. ഡിസംബറില്‍ പുതുക്കേണ്ട കരാറാണു നീട്ടിയത്. ഫെഫ്കയുടെ 19 യൂണിയനുകളിലും വനിതകള്‍ക്കു ജോലി ചെയ്യാമെന്നും വനിതകള്‍ക്കു ലഭ്യമായ ജോലികളെ കുറിച്ചു ബോധവല്‍ക്കരണം നടത്താന്‍ വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നു എറണാകുളത്തു ക്യാംപ് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.