Entertainment (Page 196)

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രം ‘കാവല്‍’ ന്റെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 25നാണ് കാവല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ബുക്ക്മൈ ഷോയിലും ഫാന്‍സ് ഷോ ബുക്കിങ്ങുമാണ് ആരംഭിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇതുവരെ 180 തിയേറ്ററുകളിലാണ് കാവല്‍ റിലീസിംഗ് ഉറപ്പിച്ചിരിക്കുന്നത്. മരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളോട് മത്സരിക്കാന്‍ തയ്യാറായാണ് ‘കാവല്‍’ തിയേറ്ററുകളിലേക്ക് എത്തുന്നത്. കോടികളുടെ ഡിജിറ്റല്‍ റിലീസ് വാഗ്ദാനം വേണ്ടെന്ന് വച്ചാണ് ‘കാവല്‍’ സിനിമ തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നത്. ‘എന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാവല്‍’ ഈ മാസം 25ന് നിങ്ങളിലേക്ക് എത്തുകയാണ്. എല്ലാവരും തിയേറ്ററുകളില്‍ തന്നെ വന്ന് ചിത്രം കണ്ട് ആസ്വദിക്കുക. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണം!’-സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.

ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം തിരക്കഥ-സംവിധാനം ചെയ്തിരിക്കുന്നത് നിഥിന്‍ രഞ്ജി പണിക്കരാണ്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍, അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ബേബി പാര്‍വ്വതി, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ. അംബിക മോഹന്‍, അനിതാ നായര്‍, അജ്ഞലി നായര്‍, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ബിജെപി എംപിയും നടിയുമായ ഹേമ മാലിനിക്കും ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിക്കും ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം. ചലച്ചിത്ര മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളായിട്ടാണ് ഇരുവരെയും ലോകം മുഴുവന്‍ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക.

ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍. ചിത്രം സോണി ലൈവിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രദര്‍ശനത്തിന് ശേഷം തിയേറ്ററില്‍ വരാതെ നേരിട്ടാണ് ചിത്രം ഒടിടി റിലീസിനെത്തിയത്‌. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണില്‍ റിലീസിനെത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമക്ക് ശേഷം സോണി ലൈവില്‍ റിലീസ് ചെയ്യന്ന ചിത്രമാണിത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രമായി ‘ചുരുളി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

iffi

തിരുവനന്തപുരം: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌ഐയുടെ പുതിയ എഡിഷൻ ഇത്തവണ വീട്ടിലിരുന്നും കാണാൻ അവസരം. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സഹായത്തോടെ വെർച്വൽ മാതൃകകയിൽ വീട്ടിലിരുന്ന് ഐഎഫ്എഫ്‌ഐ കാണാനുള്ള സൗകര്യമാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ വെച്ചാണ് 52-ാമത് ഐഎഫ്എഫ്‌ഐ നടക്കുക. https://virtual.iffigoa.org/ എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്‌ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും കാണാനുള്ള അവസരം വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. ഡെലിഗേറ്റ്, വിദ്യാർഥികൾ, മാദ്ധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെർച്വൽ രജിസ്‌ട്രേഷൻ നടക്കുന്നത്. വിദ്യാർഥികൾക്കും മാദ്ധ്യമപ്രവർത്തകർക്കും വെർച്വൽ ഫെസ്റ്റിവലിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണുള്ളത്.

ജെയിംസ് ബോണ്ടിനെ തിരശ്ശീലയിൽ അനശ്വരനാക്കിയ നടൻ സീൻ കോണറിക്ക് ആദരം നേർന്നുകൊണ്ടുള്ള പാക്കേജാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ എന്നിവരുടെ റെട്രോസ്‌പെക്റ്റീവുകളും മേളയിലുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചിത്രം കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം ‘ദ് കിംഗ് ഓഫ് ഓൾ ദ് വേൾഡ്’ ആണ്. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം സണ്ണി, ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്നിവ ഇടം നേടിയിരുന്നു.

ബിഗ് ബജറ്റ് ചിത്രം മരക്കാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍. ‘മരക്കാര്‍ എന്ന സിനിമ ഞാന്‍ കണ്ടു. നമ്മള്‍ ചെറുപ്പം തൊട്ട് കണ്ടുവരുന്ന ഒന്നാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പിനേഷനിലുള്ള ചിത്രങ്ങള്‍. അവര്‍ മുന്‍പ് ഒന്നിച്ച കാലാപാനി ലാര്‍ജ് സ്‌കെയിലില്‍ ഉള്ള ഒരു സിനിമയായിരുന്നു. കാലാപാനിയേക്കാളും കുറച്ചുകൂടി വലിയ സ്‌കെയിലിലുള്ള ചിത്രമാണ് മരക്കാറെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.

സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്നും സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടുവെനന്നും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. ഇനി നിങ്ങള്‍ പോയി കാണണം. ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍നിന്ന് കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ സൂചനകള്‍ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്’, ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ വീഡിയോയില്‍ അല്‍ഫോണ്‍സ് പറയുന്നു.

രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മരക്കാര്‍. ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിക്കഴിഞ്ഞു.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി.സുരേഷ് ബാബുവും ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമും തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹസ്വചിത്രം ‘ചിലര്‍’ മികച്ച പ്രതികരണം നേടി മുന്നേറുന്നു.

അമല്‍ ജോസ്, ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചര്‍ച്ചയാകുന്നത്. സംവിധായകരായ ദീലീഷ് പോത്തന്‍, ഡോമിന്‍ ഡിസില്‍വ, ഡിന്‍ജിത്ത് അയ്യത്താന്‍, നടന്‍മാരായ രാജേഷ് ശര്‍മ്മ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ജോളി ചിറയത്ത് ,നയന, ജിതിന്‍ പി. വി, ടൈറ്റസ് കണ്ടത്തില്‍, കുമാരി അല്‍മിത്ര സുഭാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനീഷ് അര്‍ജുനന്‍, തരുണ്‍ ഭാസ്‌കരന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

2020ലെ ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായും നവ്യാ നായരെ മികച്ച നടിയായും തിരഞ്ഞെടുത്തു. സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചത്. ഒരുത്തിയിലെ അഭിനയത്തിന് നവ്യ നായരും അവാര്‍ഡിനര്‍ഹയായി.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘എന്നിവരും’ വി വി ജോസ് ഒരുക്കിയ ‘ദിശയും’ മികച്ച ചിത്രങ്ങളായി. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍). ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധായകനായത് സിദ്ധാര്‍ഥ് ശിവയായിരുന്നു.

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂര്‍ (ചിത്രം – താഹിറ), മികച്ച ഛായാഗ്രാഹകന്‍ – മധു നീലകണ്ഠന്‍ (ചിത്രം – സണ്ണി), മികച്ച എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ് (ചിത്രം – സണ്ണി), മികച്ച സംഗീത സംവിധായകന്‍ – ഗോപി സുന്ദര്‍ (ചിത്രം – ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും), മികച്ച ഗായകന്‍ – വിജയ് യേശുദാസ് (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗായിക – സിതാര ബാലകൃഷ്ണന്‍ (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി (ചിത്രം – വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ് (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകന്‍ – അക്ഷയ് (ചിത്രം – ദിശ), മികച്ച പുതുമുഖ നായിക – താഹിറ (ചിത്രം – താഹിറ), മികച്ച ബാലതാരം – കൃഷ്ണശ്രീ (ചിത്രം – കാന്തി)

ഒടിടിയില്‍ തകര്‍ത്ത് മുന്നേറുകയാണ് നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹം. നിവിന്‍ പോളിക്കൊപ്പം ഗ്രേസ് ആന്റണിയെയും കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. ചിത്രം മികച്ച അനുഭവം സമ്മാനിച്ചെന്നും ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവതരണ ശൈലിയെന്നും രഞ്ജിത്ത് പറഞ്ഞു.

നവംബര്‍ 12നാണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പുറത്തിറങ്ങിയത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’.

‘ഇളയമകനാണ് അച്ഛന്‍ ഈ സിനിമ എന്നോട് കാണണമെന്ന് പറയുന്നത്. ചില സിനിമകള്‍ ദിവസങ്ങളോളം നമുക്കൊപ്പം സഞ്ചരിക്കും. ഈ സിനിമ കണ്ടപ്പോഴും അതേ അനുഭവമാണ് എനിക്കുണ്ടായത്. നിങ്ങളില്‍ പലരും കണ്ടുവെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാന്‍ വയ്യ, കാരണം പുതിയ തലമുറയിലെ സംവിധായകരുടെ ആത്മാര്‍ഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിഗംഭീരം. നിവിനും രതീഷിനും എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും ആശംസകളും- രഞ്ജിത്ത് പറഞ്ഞു. നിവിനും ഗ്രേസിനുമൊപ്പം വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, സുധീഷ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘കുറുപ്പ്’ റിലീസ് ചെയ്ത് 5 ദിവസങ്ങള്‍ കൊണ്ട് അന്‍പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു.

കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ആറരക്കോടി രൂപയാണെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ചെന്നൈ സിറ്റിയില്‍ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.
ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്ഫുള്‍ ആയിരുന്നു.

തിയേറ്ററുകള്‍ക്ക് വീണ്ടും ഉണര്‍വേകാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമെത്തിയ ‘കുറുപ്പി’നു കഴിഞ്ഞു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫാര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മലയാളി നവാഗത സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ തിരക്കഥ-സംവിധാനത്തില്‍ പിറന്ന ചിത്രം ‘പക’ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 6 മുതല്‍ 12 വരെ ആണ് ചലച്ചിത്ര മേള നടക്കുന്നത്. അറേബ്യന്‍ പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.

മുന്‍പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021) ഡിസ്‌കവറി വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ ആയും പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021ചൈന) ഏഷ്യന്‍ പ്രീമിയര്‍ ആയും ‘പക’ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. എന്‍എഫ്ഡിസി വര്‍ക്ക് ഇന്‍ പ്രോഗ്രസ് ലാബില്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.