വര്‍ഷങ്ങളായി നമ്മുടെയൊക്കെ മനസ്സില്‍ ദുരൂഹതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ കുറുപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
‘നിങ്ങള്‍ ഓരോരുത്തരുടെയും സ്നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.
കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,’ ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൊവിഡിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ സൂപ്പര്‍ താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തില്‍ കുറുപ്പായി എത്തുന്ന ദുല്‍ഖര്‍ പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സുകുമാര കുറുപ്പിനെ തിരശീലയില്‍ കണ്ടതോടെ ആരാധകര്‍ കരഘോഷം മുഴക്കി. ഇതോടെ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി മാറിക്കഴിഞ്ഞിരിക്കുകയാണ് കുറുപ്പ്.

