പ്ലസ് വൺ ക്ലാസുകൾക്ക് ബുധനാഴ്ച്ച തുടക്കം കുറിക്കും; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, വിഎച്ച്എസ്ഇ അസിസ്റ്റൻറ് ഡയറക്ടർമാർ തുടങ്ങിയവരുടെ യോഗമാണ് മന്ത്രി വിളിച്ചു ചേർത്തത്. പ്ലസ് വൺ ക്ലാസുകൾക്ക് ബുധനാഴ്ച്ച തുടക്കം കുറിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, അക്കാദമിക് ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു തുടങ്ങിയവർ യോഗത്തിൽ പങ്കുചേർന്നു.

സ്‌കൂളിന്റെയും പ്രിൻസിപ്പലിന്റെയും ക്ലാസ് ചുമതലയുള്ള അദ്ധ്യാപകൻ/ അദ്ധ്യാപികയുടെയും ഫോൺ നമ്പർ വിദ്യാർത്ഥികൾക്ക് നൽകണം. അതോടൊപ്പം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താവിന്റെ ഫോൺ നമ്പർ ക്ലാസ് ചുമതലയുള്ള അദ്ധ്യാപകർ ആദ്യ ദിവസം തന്നെ ശേഖരിച്ച് സൂക്ഷിക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ഒരു വിദ്യാർത്ഥി ക്ലാസിലെത്തിയില്ലെങ്കിൽ ആ വിവരം രക്ഷിതാവിനെ വിളിച്ച് കൃത്യമായി തിരക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

പ്ലസ് വൺ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂർത്തിയായിട്ടുണ്ട്. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയർസെക്കൻഡറിയിൽ പഠിക്കുന്നതിന് അവസരമുള്ളത്. എൻഎസ്‌ക്യൂഎഫ് പ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പുതിയ കോഴ്സുകളും വന്നിട്ടുണ്ട്.