ഇനി മുതൽ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുക ഏപ്രിൽ ആറിന്; 210 പ്രവർത്തി ദിവസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുക ഏപ്രിൽ ആറിനായിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിനുവേണ്ടി കിട്ടാനാണ് അവധി ദിവസങ്ങളിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിനു തന്നെ സ്‌കൂൾ തുറക്കുമെന്നും വി ശിവൻകുട്ടി അറിയിച്ചു.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി. അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും അദ്ദേഹം വിശദമാക്കി.

അദ്ധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് കാലത്ത് കുട്ടികളെയെല്ലാം ചേർത്തു പിടിക്കാൻ വേണ്ടി ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി. നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. കുട്ടികളിൽ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവർത്തന പദ്ധതി രൂപം നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.