പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണം; പരീക്ഷയിലും അധ്യയനത്തിലും വലിയ മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് തയ്യാറെടുത്ത് വിദ്യാഭ്യാസ മേഖല. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ സ്‌കൂൾ പരീക്ഷാസമ്പ്രദായത്തിൽ പൊളിച്ചെഴുത്തിനു സാധ്യതയുണ്ടെന്നാണ് വിവരം. നിരന്തരമായ എഴുത്തുപരീക്ഷകളും അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികൾക്ക് ഗുണനിലവാരമുള്ള പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ കരടുസമീപനരേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പരീക്ഷയിലെ പൊളിച്ചെഴുത്തുരീതി വിവിധ തട്ടുകളിലുള്ള പാഠ്യപദ്ധതി ചർച്ചകളിലൂടെ രൂപപ്പെടുത്താനാണ് തീരുമാനം. കുട്ടികളുടെ മികവും ദൗർബല്യവും മനസ്സിലാക്കിയുള്ള അധ്യയനരീതി പരിശീലിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനായി ‘സ്റ്റുഡന്റ് പ്രൊഫൈൽ’ തയ്യാറാക്കാൻ പദ്ധതിയിടുന്നുണ്ട്. സെക്കൻഡറിതലത്തിലെ പരീക്ഷാസമ്പ്രദായവും അതിനുള്ള തയ്യാറെടുപ്പുകളുമൊക്കെ കുട്ടികളുടെ പഠനത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ദേശീയവിദ്യാഭ്യാസനയരേഖയും ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകൾ, സഹായം ആവശ്യമുള്ള മേഖലകൾ തുടങ്ങി അവരുടെ ശക്തി-ദൗർബല്യങ്ങൾ കൃത്യമായി സ്റ്റുഡന്റ് പ്രൊഫൈലിൽ രേഖപ്പെടുത്തണമെന്നാണ് നിരീക്ഷണം.

അതേസമയം, കലാവിദ്യാഭ്യാസത്തിനായി സ്‌കൂളുകളിൽ ആർട്ട് ലാബുകൾ വേണമെന്ന് പാഠ്യപദ്ധതി പരിഷ്‌കാരത്തിൽ നിർദേശിക്കുന്നു. ഇപ്പോൾ പ്ലസ് ടു തലത്തിൽ സംഗീതം മാത്രമാണ് വിഷയം. എന്നാൽ, ദൃശ്യകലയുടെ ഡിഗ്രി കോഴ്‌സുകൾക്കും പ്രവേശനപരീക്ഷകൾക്കും ഉതകുന്നതരത്തിൽ സിലബസും പാഠപുസ്തകവും വേണമെന്നാണ് ശുപാർശ. മറ്റുവിഷയങ്ങൾക്കുള്ളതുപോലെ ദൃശ്യകലയ്ക്കായി ആർട്ട് ലാബ് വേണമെന്നും നിർദ്ദേശമുണ്ട്.