സർക്കാരിന്റെ നയം എന്നത് പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നാണെന്ന് മന്ത്രി വി ശിവൻകുട്ടി

സർക്കാരിന്റെ നയം എന്നത് പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ നിലപാടായി തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ കാണേണ്ടതില്ല. മന്ത്രിയുടെ പ്രതികരണം
അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു. സർക്കാർ നയമല്ല ഒരിക്കലും കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത്.

ഗുണമേന്മ എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും വർദ്ധിപ്പിക്കുക എന്നതാണ്. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.ഏറെ പ്രകീർത്തിക്കപ്പെട്ടതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക. കേരളം ദേശീയ ഗുണനിലവാര സൂചികകളിലും മുൻപന്തിയിലാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും അഭിനന്ദിച്ചതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.