വിഐപി പരിഗണനയിൽ കടൽ കടന്ന് കണിക്കൊന്ന; കയറ്റി അയക്കുന്നത് കിലോക്കണക്കിന് കൊന്നപ്പൂക്കൾ

കോഴിക്കോട്: വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കണി ഒരുക്കാനായി കിലോക്കണക്കിന് കണിക്കൊന്ന പൂക്കളാണ് ഇത്തവണ വിദേശത്തേക്ക് കയറ്റി അയക്കുന്നത്. 1,600 കിലോയോളം കൊന്നപ്പൂക്കളാണ് വിഷു അടുത്തതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കടൽ കടന്നത്. വാടിക്കരിയാത്ത, തണ്ടൊടിയാത്ത പൂക്കൾ തന്നെ വിഷുക്കണിവെക്കാൻ വേണമെന്നതിനാൽ വിഐപി പരിഗണനയോടെയാണ് കണിക്കൊന്ന വിദേശത്തേക്ക് കയറ്റി അയക്കുന്നത്.

കരിപ്പൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന പൂക്കളാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ഏപ്രിൽ 11, 12 ദിവസങ്ങളിൽ 2,000 കിലോ പൂക്കൾ കരിപ്പൂരിൽനിന്ന് കയറ്റി അയച്ചതിൽ 80 ശതമാനവും കൊന്നപ്പൂവാണെന്നാണ് വിവരം. ഏജൻസികൾ കണിക്കൊന്ന ശേഖരിക്കുന്നത് കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപവരെ നൽകിയാണ്. ജെൽ ഐസ് ഇട്ട് പാക്ക് ചെയ്താണ് കണിക്കൊന്ന കയറ്റി അയയ്ക്കുക. മിഡിൽ ഈസ്റ്റിലേക്ക് 100 കിലോ പൂക്കളും യൂറോപ്യൻ രാജ്യങ്ങളിലേക്ക് 30 കിലോ പൂക്കളും കയറ്റി അയച്ചെന്ന് കരിപ്പൂരിലെ കെ.ബി എക്‌സ്‌പോർട്ട്‌സ് ആൻഡ് ഇംപോർട്‌സ് ഉടമ കെ ബി റഫീക്ക് വ്യക്തമാക്കി.

നാല് കിലോഗ്രാം പൂക്കളാണ് ഒരു പെട്ടിയിൽ കയറ്റി അയയ്ക്കാനാകുക. പെട്ടിയുടെ ഭാരം ഉൾപ്പടെ അഞ്ച് കിലോഗ്രാം കൊന്നപ്പൂ കൊണ്ടുപോകണമെങ്കിൽ വിമാനത്തിൽ 20 കിലോഗ്രാം മറ്റു സാധനങ്ങൾ കൊണ്ടുപോകാനുള്ള സ്ഥലം വേണം.