പുഷ്പമേള; തിരക്ക് നിയന്ത്രിക്കാൻ ക്യുആർ കോഡ് സഹിതമുള്ള ലഘുലേഖയുമായി നീലഗിരി പൊലീസ്

ഊട്ടി: വിനോദസഞ്ചാരികളുടെ സുഗമമായ സഞ്ചാരത്തിനു വഴിയൊരുക്കാൻ നടപടികളുമായി നീലഗിരി പോലീസ്. ഇതിനായി ക്യുആർ കോഡ് സഹിതമുള്ള ലഘുലേഖയുമായാണ് നീലഗിരി പൊലീസ് ടൂറിസം വിങ് രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് പി സുന്ദരവടിവേലിന്റെ നേതൃത്വത്തിൽ 30,000 ലഘുലേഖകളാണ് വിതരണം ചെയ്യുന്നത്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കർണാടക പാർക്ക്, ദൊഡ്ഡബെട്ട, പൈക്കാര ബോട്ട് ഹൗസ്, ഷൂട്ടിങ് സ്ഥലങ്ങൾ തുടങ്ങിയവയിലേക്കുള്ള വഴി ഈ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ അറിയാൻ കഴിയുന്നതാണ്.

മെയ് 10 ന് ആണ് പുഷ്പമേള ആരംഭിക്കുന്നത്. പുഷ്പമേളയുടെ തിരക്ക് നിയന്ത്രിക്കാനായി 600 പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പോലീസിനെ ഉൾപ്പെടെ ഡ്യൂട്ടിക്കു നിയോഗിച്ചതായി എസ്പി അറിയിച്ചു.

അതേസമയം, ഊട്ടിയിൽ പുഷ്പമേള തുടങ്ങുന്ന 10ന് നീലഗിരി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പുഷ്പമേളയും റോസ് ഷോയും ഒരേ ദിവസമാണ് ആരംഭിക്കുന്നത്. ജില്ലയിലെ വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.