ബിജെപിയുമായി നേരിട്ട് ചേർന്ന് പ്രവർത്തിക്കുകയാണ്; ഉവൈസിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

റായ്ബറേലി: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉവൈസി ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ വിമർശനം. ഇക്കാര്യം താൻ നിങ്ങളോട് പലപ്പോഴായി പറഞ്ഞതാണ്. അസദുദ്ദീൻ ഉവൈസി ബിജെപിയുമായി നേരിട്ട് ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

എവിടെയെങ്കിലും ബിജെപിക്ക് മറ്റു പാർട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ ആരെയെങ്കിലും രംഗത്തിറക്കണമെന്നുണ്ടെങ്കിൽ അവിടെയൊക്കെ ഉവൈസിയെത്തി അത് നിർവഹിച്ചുകൊടുക്കുകയാണ്. തെലങ്കാന തെരഞ്ഞെടുപ്പിൽ അത് വളരെ വ്യക്തമായിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു.

ബിജെപി മതം, ജാതി, അമ്പലം-പള്ളി തുടങ്ങിയവയെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളെക്കുറിച്ച് അവർ ഒന്നും മിണ്ടുന്നില്ല. റായ്ബറേലിയിലെ ജനങ്ങളും കോൺഗ്രസുമായുള്ള ബന്ധത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. അതൊരു പുതുയുഗത്തിൽ പ്രവേശിക്കുകയാണിപ്പോൾ. ഒരിക്കൽകൂടി ആ നേതൃത്വത്തിന് ഒരുങ്ങിയിരിക്കുകയാണ് റായ്ബറേലി മണ്ഡലമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.