തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കും; പി എസ് പ്രശാന്ത്

തിരുവനന്തപുരം: ഇനി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കും. അരളിപ്പൂവിൽ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തടസമില്ല. എന്നാൽ നിവേദ്യസമർപ്പണം, അർച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ലെന്നാണ് തീരുമാനം. തിരുവതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്.

അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നിലവിൽ ആകെ പടർന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. നാളെ മുതൽ തന്നെ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചിരുന്നു. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് സൂര്യമരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പേഴാണ് സൂര്യ കുഴഞ്ഞുവീണ് മരിച്ചത്. അയൽവാസികളോട് യാത്ര പറയാനെത്തിയപ്പോൾ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.

ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. ലണ്ടനിൽ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയൽവീട്ടിലേക്ക് യാത്ര പറയാൻ പോയിരുന്നു. ഇതിനിടെയാണ് ഫോണിൽ സംസാരിക്കവെ മുറ്റത്ത് പൂചെടിയിൽ വളർത്തുന്ന അരുളിയുടെ ഇലയും പൂവും നുള്ളി സൂര്യ വായിലിട്ട് ചവച്ചത്. തുടർന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛർദ്ദിച്ചു. ഇമിഗ്രേഷൻ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.