നടിയെ ആക്രമിച്ച കേസ്; മെമ്മറികാർഡുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി നിലനിൽക്കുമോയെന്നതിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി. ഇതിനായി കേസ് മെയ് 30 ലേക്ക് മാറ്റി. കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്നായിരുന്നു അതിജീവിത കോടതിയിൽ വാദിച്ചത്. ഈ വാദത്തിൽ എതിർപ്പുമായി ദിലീപിന്റെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു. അതിജീവിതയുടെ ഈ നീക്കം. ജുഡീഷ്യറിയെ താറടിച്ച് കാണിക്കാനാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം.

റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി. റിപ്പോർട്ട് നൽകിയത് അതിജീവിതയ്ക്ക് മാത്രമാണ്. പക്ഷെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നുവെന്നാണ് അഭിഷാകൻ അറിയിച്ചത്. ജില്ലാ കോടതി ജഡ്ജി ശേഖരിച്ച മൊഴികളുടെ സർട്ടിഫൈഡ് കോപ്പി വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കിയെന്നുമാണ് അതിജീവിത ആരോപിക്കുന്നത്.

പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നും അതിജീവിതത ആവശ്യപ്പെടുന്നു.