മദ്യനയ കേസ്; കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യാൻ ഇഡി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിലാണ് അരവിന്ദ് കെജ്രിവാൾ ഇപ്പോൾ.

മദ്യനയ രൂപീകരണത്തിലും കോഴ ഇടപാടിലും കെജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി.

അതേസമയം, കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഡൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുന്നത്.