വിസാ നിയമങ്ങൾ കടുപ്പിക്കാൻ ഓസ്ട്രേലിയ; മാറ്റങ്ങൾ ഇങ്ങനെ

ഓസ്‌ട്രേലിയ: വിസാ നിയമങ്ങൾ കടുപ്പിക്കാൻ ഓസ്ട്രേലിയ. വിദ്യാഭ്യാസ വിസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ വിസാ നിയമങ്ങൾ തിരിച്ചടിയാകും. മാർച്ച് 23 മുതൽ വിസാ നിയമങ്ങൾ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടിൽ കാണിക്കേണ്ട തുക, ജെനുവിൻ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി പരിഷ്‌ക്കരണങ്ങളാണ് ഓസ്‌ട്രേലിയ കൊണ്ടുവരുന്നത്. ഇനി മുതൽ സ്റ്റുഡന്റ് വിസയ്ക്കായി ജെനുവിൻ സ്റ്റുഡന്റ് (GS)എന്ന പ്രസ്താവനയാണ് സമർപ്പിക്കേണ്ടത് .

നിലവിൽ സ്റ്റുഡന്റ് വിസയ്ക്കായി ജെനുവിൻ ടെംപററി എൻട്രന്റ്(GTE) പ്രസ്താവനയാണ് സമർപ്പിക്കുന്നത്. ഇതിന് പകരമായാണ് പുതിയ മാറ്റം. യുകെ, കാനഡ പോലുള്ള രാജ്യങ്ങൾ ഇതിനുമുൻപേ സമാനമായ മാറ്റങ്ങൾ ആവിഷ്‌ക്കരിച്ചിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള വിസ നടപടിക്രമങ്ങളിൽ പ്രധാനപ്പെട്ടതാണ് ജിടിഇ(GTE) പ്രസ്താവന. ഓസ്ട്രേലിയയിൽ പഠനത്തിനായി താത്കാലിക താമസത്തിന് വന്നാണ് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. ടെംപററി ഗ്രാജുവേറ്റ് വിസക്ക് പുതുക്കിയ നിയമം അനുസരിച്ച് 6.5 ഐ.ഇ.എൽ.ടി.എസ് സ്‌കോർ വേണം. സ്റ്റുഡന്റ് വിസയ്ക്ക് 6.0 ഐഇഎൽടിഎസ് സ്‌കോർ വേണം.

ഇംഗ്ലീഷ് പ്രാവിണ്യ വ്യവസ്ഥകൾക്കും മാറ്റമുണ്ട്. ടെംപററി ഗ്രാജുവേറ്റ് വിസയുടെ ഇംഗ്ലീഷ് പ്രാവിണ്യ ടെസ്റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷത്തിലേക്ക് കുറച്ചു. ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത് എന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ വിസ അപേക്ഷയ്ക്ക് മുൻപ് തന്നെ ഹാജരാക്കണം. വിസയ്ക്കായി അക്കൗണ്ടിൽ കാണിക്കേണ്ട തുകയ്ക്കും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇനിമുതൽ 24,505 ഡോളറാണ് അക്കൗണ്ടിൽ കാണിക്കേണ്ടത്. അതേസമയം, പുതിയ നിയമങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.